പാലക്കാട്ടെ കളിയല്ല ചേലക്കരയില്‍; രമ്യ ഹരിദാസിന് 3 സാധ്യത, എതിര്‍ക്കുന്നവര്‍ പറയുന്നത് മറ്റൊന്ന്
തൃശൂര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തിന് പുറമെ പാലക്കാട് നിയമസഭാ മണ്ഡലം, തൃശൂരിലെ ചേലക്കര നിയമസഭാ മണ്ഡലം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വരുന്നത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കാന്‍ എത്തുമെന്ന അറിയിപ്പ് യുഡിഎഫ് ക്യാംപില്‍ ആഹ്ലാദമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയം ഉറപ്പിച്ച ഇവിടെ ഭൂരിപക്ഷം കൂടിയോ കുറഞ്ഞോ എന്ന് മാത്രമാകും ചര്‍ച്ച.
അതേസമയം, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പാണ് ഇനി ശ്രദ്ധാ കേന്ദ്രമാകാന്‍ പോകുന്നത്. യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമാണെങ്കിലും ബിജെപി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു എന്നതാണ് മറ്റു രണ്ട് കക്ഷികളെയും ആശങ്കപ്പെടുത്തുന്നത്. 2021ല്‍ ഷാഫി പറമ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ശക്തമായ പോരാട്ടത്തിന് ഒടുവിലായിരുന്നു. ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തില്‍ മല്‍സരിക്കുമെന്നാണ് വിവരം.

അതേസമയം, ചേലക്കര മണ്ഡലത്തില്‍ യുഡിഎഫ് ക്യാംപ് ആശയക്കുഴപ്പത്തിലാണ്. കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സംവരണ മണ്ഡലമായ ചേലക്കരയില്‍ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ രാധാകൃഷ്ണനോട് തോറ്റിരുന്നു രമ്യ.
തോറ്റെങ്കിലും മികച്ച പ്രകടനം രമ്യ ഹരിദാസ് കാഴ്ചവച്ചു എന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് കണക്ക് പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ രമ്യയ്ക്ക് സാധിച്ചുവെന്ന് ഇവര്‍ വിശദീകരിക്കുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ ജയിച്ചത് 39400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നിലയില്‍ വലിയ മാറ്റമുണ്ടായി. ചേലക്കരയിലെ കണക്കില്‍ 5000 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് രാധാകൃഷ്ണന് ലഭിച്ചത്. മാത്രമല്ല, രാധാകൃഷ്ണന്‍ വോട്ട് ചെയ്ത ബൂത്തിലും പഞ്ചായത്തിലും രമ്യ കൂടുതല്‍ വോട്ട് പിടിച്ചതും രമ്യയ്ക്ക് അനുകൂലമായ ഘടകമായി ചൂണ്ടിക്കാട്ടപ്പെടുന്നു. നേരത്തെ ആലപ്പുഴയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ ഷാനിമോള്‍ ഉസ്മാന്‍ ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ജയിച്ചതും രമ്യയെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
വനിതാ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ രമ്യയ്ക്ക് സാധിക്കുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ തോറ്റ സ്ഥാനാര്‍ഥിയെ വീണ്ടും മല്‍സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് രമ്യയെ മല്‍സരിപ്പിക്കുന്നതിന് എതിരഭിപ്രായമുള്ളവരുടെ വാദം. രമ്യയ്ക്ക് പുറമെ മറ്റുചില പേരുകളും ചര്‍ച്ചയിലുണ്ട്. നാട്ടികയില്‍ കഴിഞ്ഞ തവണ മല്‍സരിച്ച സുനില്‍ ലാല്‍, കെവി ദാസന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീലാല്‍ ശ്രീധര്‍ എന്നിവരാണ് ചര്‍ച്ചയില്‍. അടുത്ത യുഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് നേതൃത്വം കടക്കുക.












Click it and Unblock the Notifications