ചെറുപുഴയിലെ ജലം കറുത്തിരുണ്ടു; ആരോഗ്യവകുപ്പ് സന്ദര്‍ശിച്ചു
ഫറോക്ക്: ചാലിയാറിന്റെ കൈവഴിയായ ചെറുപുഴയില്‍ നിറഞ്ഞ മലിനജലം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പരിശോധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ മന്‍സൂര്‍ കാരാട്ട്ചാലി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ഹനീഫ, കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍ എന്നിവരാണ് ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ചത്. കറുത്തിരുണ്ട മലിനജലം കാണപ്പെട്ട കൊളത്തറ മേഖലയിലായിരുന്നു സന്ദര്‍ശനം.
കഴിഞ്ഞ ദിവസങ്ങളില്‍ പുഴയില്‍ വലിയ തോതില്‍ കറുത്ത നിറമുള്ള ജലം കാണപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് നല്ലളം, റഹ്മാന്‍ ബസാര്‍, കൊളത്തറ, തൊണ്ടിലക്കടവ് മേഖലയിലെ ജനങ്ങള്‍ ആശങ്കയിലായിരുന്നു. അസഹ്യമായ ദുര്‍ഗന്ധവും ഉള്ളതിനാല്‍ പലരും പുഴയോട് അടുത്തില്ല. പരിസരവാസികളില്‍ പലര്‍ക്കും തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവിഭാഗം പരിശോധനയ്ക്ക് എത്തിയത്. പരിശോധനയുടെ പ്രാഥമിക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ മന്‍സൂര്‍ കാരാട്ട്ചാലി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളിലും മറ്റും വരുംദിവസങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.












Click it and Unblock the Notifications