സമസ്‌തയെ പുകഴ്ത്തി പിണറായിയും സതീശനും; ലക്ഷ്യം നിലമ്പൂർ, സ്‌കൂൾ സമയമാറ്റം സർക്കാരിന് തലവേദനയോ?
തിരുവനന്തപുരം: നിലമ്പൂർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമസ്‌തയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മേഖലയില്‍ കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്‌ത എന്നായിരുന്നു പിണറായിയുടെ വാക്കുകൾ. സമസ്‌ത ചരിത്രം- കോഫി ടേബിള്‍ പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തിനു വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തതെന്നും പിണറായി പറഞ്ഞു. സമസ്‌ത അങ്ങനെയല്ല, വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്‌തയിൽ ഉണ്ടന്നും ചുരുക്കം ചില രാഷ്ട്രീയ പാർട്ടികളിൽ പോലും അത് കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുത്തൽ വേണ്ടവ തിരുത്തി മുന്നേറാൻ ഇനിയും അവർക്ക് സാധിക്കുമെന്നും പിണറായി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി നിലമ്പൂരിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമസ്‌തയെ കൈയിലെടുക്കാൻ പിണറായിയുടെ ശ്രമം. നേരത്തെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നടപടിയെ സമസ്‌ത കാന്തപുരം വിഭാഗം ശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സമസ്‌ത വേദിയിൽ എത്തിയത്.
സമസ്‌തയില്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള കാലത്ത് സമസ്‌തയുടെ സാന്നിധ്യം ആശ്വാസമാണ്. സമസ്‌ത പേറുന്നത് പാരമ്പര്യ ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം. ഇതുവരെയും അവർ വിദ്വേഷ പ്രചരണം നടത്തിയിട്ടില്ല. മനുഷ്യരെ കൂട്ടിനിര്‍ത്താന്‍ ആണ് എക്കാലത്തും അവർ ശ്രമിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ന്യായീകരിച്ച വിഡി സതീശനെതിരെ പല കോണുകളിൽ നിന്ന് വിമർശനം ശക്തമാവുന്ന വേളയിലാണ് അദ്ദേഹത്തിന്റെ സമസ്‌ത അനുകൂല പരാമർശം. സമസ്‌തയെ കൂടി ഒപ്പം നിർത്താൻ സാധിച്ചാൽ നിലമ്പൂരിൽ മുന്നേറ്റം ഉറപ്പാക്കാമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ അത് ഒരിക്കലും എളുപ്പമല്ലെന്നും അവർക്ക് ഉത്തമ ബോധ്യമുണ്ട്. അതിനാലാണ് വിഡി സതീശൻ തന്നെ നേരിട്ട് രംഗത്ത് ഇറങ്ങുന്നത്.
അതിനിടെ സമസ്‌ത ഒരു തുറന്ന പുസ്‌തകമാണെന്നായിരുന്നു സംഘടനയുടെ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഇന്ന് പറഞ്ഞത്. ഒരു പെറ്റി കേസ് പോലും സമസ്‌തയുടെ പേരിലില്ലെന്നും വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കാനായുള്ള പ്രവര്‍ത്തനമോ തങ്ങളുടെ ഭാഗത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി, പിഡിപി എന്നിവയുടെ പിന്തുണയിൽ ഇരു മുന്നണികളും തമ്മിൽ തർക്കം മുറുകുമ്പോഴാണ് ജിഫ്രികോയ തങ്ങളുടെ പ്രതികരണം.
സ്‌കൂൾ സമയമാറ്റം സർക്കാരിന് തലവേദനയോ?
അതിനിടെ നിലമ്പൂർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്‌കൂൾ സമയമാറ്റത്തിൽ സമസ്‌ത ഉൾപ്പെടെ എതിർപ്പ് ഉന്നയിച്ചത് സർക്കാരിന് തലവേദനയാണെന്ന് ഉറപ്പാണ്. വിഷയം പുനഃപരിശോധിക്കണമെന്നും മതപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് അത് ബുദ്ധിമുട്ടാവുമെന്നും സമസ്‌ത ചൂണ്ടിക്കാണിക്കുന്നു. ഇതോടെ തീരുമാനത്തിൽ സർക്കാരിന് ഒരു കടുംപിടിത്തവും ഇല്ലെന്നാണ് മന്ത്രി വി ശിവൻകുട്ടി തന്നെ പറയുന്നത്.












Click it and Unblock the Notifications