പ്രതീക്ഷ വെറുതെ! കീഴാറ്റൂർ വിഷയം കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി...
ദേശീയ ജലപാത പദ്ധതി ഉൾപ്പെടെ അഞ്ചു വിഷയങ്ങളാണ് കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തത്.
ദില്ലി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കീഴാറ്റൂർ വിഷയം ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കീഴാറ്റൂർ വിഷയത്തിൽ പറയാനുള്ളതെല്ലാം നേരത്തെ വിശദമാക്കിയതാണെന്നും അതിനാൽ അതൊന്നും ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ ജലപാത പദ്ധതി ഉൾപ്പെടെ അഞ്ചു വിഷയങ്ങളാണ് കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തത്. ദേശീല ജലപാത കോഴിക്കോട് നിന്ന് ഹോസ്ദുർഗ് വരെയും കൊല്ലം മുതൽ കോവളം വരെയും നീട്ടാനാണ് സർക്കാരിന്റെ ഉദ്ദേശ്യം. ഈ വിഷയത്തിൽ കേന്ദ്രമന്ത്രിയിൽ നിന്നും അനുഭാവപൂർവ്വമായ സമീപനമാണുണ്ടായതെന്നും, ഇതോടൊപ്പം തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വിഷയവും ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ 59 പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നെങ്കിലും മൂന്നെണ്ണത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്. 192 കിലോമീറ്റർ റോഡ് നിർമ്മിക്കാൻ നിർദേശമുണ്ടെങ്കിലും 18 കിലോമീറ്റർ നിർമ്മിക്കാൻ മാത്രമാണ് അംഗീകാരം കിട്ടിയത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ദേശീയ ജലപാതയുടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള കാര്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും, ഇക്കാര്യങ്ങൾ വിശദമാക്കിയ നിവേദനങ്ങൾ അദ്ദേഹത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ച പോസീറ്റിവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications