2023 മാർച്ച് 31നു മുൻപ് എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കണം; ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പഞ്ചങ് നിർബന്ധമാക്കുന്നു. 2023 മാർച്ച് 31നു മുൻപ് എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കണം എന്നു ചീഫ് സെക്രട്ടറിയുടെ കർശന നിർദേശം നൽകി. 2019 മുതൽ നിർദേശം വന്നെങ്കിലും കോവിഡ് കാരണം ഇക്കാര്യം നടപ്പായിരുന്നില്ല.
കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ പഞ്ചിങ് നടപ്പാക്കുന്നതിൽ ശ്രദ്ധകൊടുക്കാതായതോടെയാണ് കർശന നിർദേശവുമായി ചീഫ് സെക്രട്ടറി വി.പി.ജോയി സർക്കുലർ പുറപ്പെടുവിച്ചത്.

അടുത്ത വർഷം മുതൽ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സമയ ബന്ധിതമായി നടപ്പാക്കുന്നതിനു വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനു നേരത്തേ തന്നെ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.
ഇപ്പോൾ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളിൽ മാത്രമാണ് പഞ്ചിങ് മെഷീനെ സ്പാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5.44 ലക്ഷം സർക്കാർ ഉദ്യോഗസ്ഥരാണുള്ളത്. പഞ്ചിങ് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അത് കാരണം ആണ് പുതിയ സർക്കുലറെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുൻപായി ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫിസുകളിലും 2023 മാർച്ച് 31ന് മുൻപ് നടപ്പാക്കണം. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിങ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും.
ഓരോ വകുപ്പിലെയും അഡിഷനൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിയെ അതതു വകുപ്പിനു കീഴിലുള്ള ഓഫീസുകളിൽ പഞ്ചിങ് നടപടികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തണം. ഈ ഓഫീസറുടെ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിനു ലഭ്യമാക്കണം. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഓഫീസുകളിൽ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 2020 ജനുവരി 13ലെ ഉത്തരവ് പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ വ്യക്തമാക്കി.












Click it and Unblock the Notifications