കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയം: ആരോപണ വിധേയരെ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുഞ്ഞിന്റെ അമ്മ അനുപമ. നിലവില്‍ നടക്കുന്ന സര്‍ക്കാര്‍ അന്വേഷണം കണ്ണില്‍ പൊടിയിടല്‍ മാത്രമാമെന്നാണ് അനുപമ ആരോപിക്കുന്നത്. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനേയും സി ഡബ്ല്യു സി ചെയര്‍പേഴ്സണേയും സ്ഥാനത്ത് നിന്ന് മാറ്റാതെയുള്ള ഒരു അന്വേഷണം കൊണ്ടും കാര്യമില്ല. അതുകൊണ്ട് തന്നെ ഇരുവരേയും എത്രയും പെട്ടെന്ന് പദവികളില്‍ നിന്നും പുറത്താക്കണമെന്നും അനുപമ ആവശ്യപ്പെടുന്നു.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇവര്‍ക്കെതിരായ നടപടി ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് അനുപമ വ്യക്തമാക്കുന്നു. ഷിജൂഖാനെയും സിഡബ്ലൂസി ചെയർപേഴ്സണേയും മാറ്റി അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ വകുപ്പ് തല അന്വേഷണമാണ് നടക്കുന്നത്. ആ സമത്ത് ഷിജു ഖാനും സി ഡബ്ല്യു സി ചെയര്‍പേഴ്സണും ആ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കും. ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അനുപമ വാദിക്കുന്നു.

സര്‍ക്കാര്‍ ആദ്യം വാഗ്ദാനം നല്‍കിയത് പോലുള്ള ഒരു അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഒന്നുമില്ലെന്നുള്ള വിവരങ്ങല്‍ അടക്കമാണ് ഇപ്പോൾ പല കേന്ദ്രങ്ങളിൽ നിന്നും കിട്ടുന്നത്. ആരോപണ വിധേയര്‍ ആ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്നവരെ സ്വാധീനിച്ച് തങ്ങള്‍ക്ക് അനുകൂലമായ ഇടപെടലുകള്‍ നടത്താനും സാധിക്കും അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമല്ലെങ്കിൽ ഇവരെ മാറ്റുകയാണ് ആദ്യം വേണ്ടത്. കുഞ്ഞിനെ ആദ്യം കിട്ടിയപ്പോൾ പെൺകുഞ്ഞായാണ് ശിശു ക്ഷേമ സമിതി രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാൻ അധിക സമയം വേണ്ട. എന്നാല്‍ എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അനുപമ പറയുന്നു.
അനുപമക്ക് നിയമ സാഹായം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശു വികസന വകുപ്പിന് ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications