ക്രിസ്മസ് ബംപറിന്റെ സമ്മാനത്തുക വെട്ടിക്കുറയ്ക്കില്ല.. അച്ചടിച്ച 12 ലക്ഷം ടിക്കറ്റ് ഉപേക്ഷിക്കും
തിരുവനന്തപുരം: ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറിയുടെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുകയില്‍ 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആലോചന.
എന്നാല്‍ ലോട്ടറി ഏജന്റുമാരുടെ പ്രതിഷേധം കണക്കിലെടുത്ത് വിജ്ഞാപനം റദ്ദാക്കുകയും കമ്മീഷന്‍ പുനസ്ഥാപിക്കുകയുമായിരുന്നു. അതേസമയം അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ടിവന്നു. ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറി ഇതുവരെ വിപണിയിലിറക്കാനായിട്ടില്ല. ഒരു ബംപര്‍ നറുക്കെടുപ്പ് ദിവസമാണ് സാധാരണഗതിയില്‍ അടുത്ത ബംപര്‍ പുറത്തിറക്കാറുള്ളത്.

ഈ മാസം അഞ്ചിന് പൂജാ ബംപര്‍ നറുക്കെടുപ്പിന് ക്രിസ്മസ് ബംപറും വിപണിയിലെത്തേണ്ടിയിരുന്നതാണ്. എന്നാല്‍ സമ്മാനത്തുക വെട്ടിക്കുറയ്ക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ ക്രിസ്മസ് ബംപര്‍ പുറത്തിറക്കാനായിട്ടില്ല. എത്രയും വേഗം അച്ചടി പൂര്‍ത്തിയാക്കി പുതിയ ടിക്കറ്റ് ഇറക്കാനുള്ള ശ്രമത്തിലാണു ലോട്ടറി ഡയറക്ടറേറ്റ്. ക്രിസ്മസ് ബംപറിലെ 5000, 2000, 1000 രൂപ സമ്മാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ഈ മാസം നാലിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സമ്മാനത്തുകയിലെ കുറവിനു പുറമേ ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍ തുക 93.16 ലക്ഷം രൂപ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ 30 ലക്ഷം ടിക്കറ്റ് അച്ചടിക്കാനായിരുന്നു നിര്‍ദേശം. ഇതിനെതിരെ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി ബി സുബൈര്‍ ലോട്ടറി ഡയറക്ടര്‍ക്ക് കത്തയയ്ക്കുകയായിരുന്നു.
ഒടുവില്‍ കഴിഞ്ഞ ക്രിസ്മസ് ബംപറിന്റെ അതേ സമ്മാനഘടനയില്‍ വീണ്ടും ടിക്കറ്റുകള്‍ അച്ചടിക്കാന്‍ പുതിയ വിജ്ഞാപനമിറക്കുകയായിരുന്നു. ഇതിനിടെ 12 ലക്ഷത്തോളം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നു. വിജ്ഞാപനം റദ്ദാക്കിയതോടെ ഈ ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. 400 രൂപയാണ് ക്രിസ്മസ് ബംപറിന്റെ വില. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ്.
സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് ലോട്ടറി. അതില്‍ തന്നെ ബംപര്‍ ലോട്ടറി ടിക്കറ്റ് വില്‍പനയാണ് സര്‍ക്കാരിന് കാര്യമായ വരുമാനം നല്‍കുന്നത്. അച്ചടിച്ച ടിക്കറ്റ് ഉപേക്ഷിച്ചതിന്റെ സാമ്പത്തിക ബാധ്യത, വൈകി ടിക്കറ്റ് വിപണിയിലിറക്കുന്നതിന്റെ വരുമാനനഷ്ടം എന്നിവയെല്ലാം സംസ്ഥാനത്തിന് തിരിച്ചടിയാകും. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കിടയില്‍ ടിക്കറ്റ് വില്‍ക്കാനും കഴിയാതെയായി.












Click it and Unblock the Notifications