20 കോടി രൂപ കൈയിലെത്തും, മുടക്കേണ്ടത് 400 രൂപ! ക്രിസ്മസ്-പുതുവത്സര ബംപര്‍ ലോട്ടറി വില്‍പന കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറി വില്‍പന പൊടിപൊടിക്കുന്നു. ഇതുവരെ അച്ചടിച്ച ടിക്കറ്റുകളില്‍ ഭൂരിഭാഗവും ഇതിനോടകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. നറുക്കെടുപ്പിന് ഇനിയും ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ വീണ്ടും ടിക്കറ്റ് അച്ചടിക്കേണ്ടി വരും എന്നുറപ്പാണ്. ആദ്യ ഘട്ടത്തില്‍ ക്രിസ്തുമസ് - പുതുവത്സര ബംപറിന്റെ 30 ലക്ഷം ടിക്കറ്റുകള്‍ ആണ് വില്‍പനയ്ക്ക് എത്തിച്ചത്.
ജനുവരി മൂന്ന് വരെയുള്ള കണക്ക് പ്രകാരം ഇതില്‍ 2073230 ടിക്കറ്റുകളും വിറ്റഴിച്ചിട്ടുണ്ട്. ഡിസംബര്‍ 17 നാണ് ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറി വില്‍പന ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് - നവവത്സര ബംപര്‍ ടിക്കറ്റിന്റെ വില്‍പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിവേഗത്തിലാണ് ടിക്കറ്റുകള്‍ ഇത്തവണ വിറ്റഴിക്കപ്പെടുന്നത്. സമ്മാനഘടനയില്‍ വരുത്തിയ മാറ്റമാണ് വില്‍പന കുതിച്ചുയരാന്‍ കാരണം.

ഏജന്റ് അടക്കം 22 പേരെ കോടീശ്വരന്‍മാരാക്കുന്നതാണ് ബംപര്‍ ലോട്ടറിയുടെ സമ്മാന ഘടന. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ലഭിക്കുന്നവര്‍ക്ക് 20 കോടി രൂപയാണ് ലഭിക്കുന്നത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും കോടികള്‍ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്കും ലഭിക്കും. ഇതാണ് ഭാഗ്യാന്വേഷികള്‍ ബംപറിന് പിന്നാലെ പോകാന്‍ കാരണം..
നിലവില്‍ ടിക്കറ്റ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് പാലക്കാട് ജില്ലയാണ്. 4,32,900 ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിച്ചത്. 2,34, 430 ടിക്കറ്റുകള്‍ വിറ്റ് തിരുവനന്തപുരം ജില്ല രണ്ടാമതാണ്. 2,14,120 ടിക്കറ്റുകള്‍ ആണ് മൂന്നാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ലയില്‍ ഇതുവരെ വിറ്റത്. 400 രൂപ വിലയുള്ള ക്രിസ്തുമസ് - നവവത്സര ബംപറിന്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് നടക്കുക.
ക്രിസ്തുമസ് - നവവത്സര ബംപറിന്റെ മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. ഇത് ഓരോ പരമ്പരകളിലും മൂന്ന് വീതം എന്ന ക്രമത്തില്‍ 30 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനമായ മൂന്ന് ലക്ഷം രൂപ ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തില്‍ 20 പേര്‍ക്ക് നല്‍കും. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് വീതം എന്ന രീതിയില്‍ 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് ലഭിക്കുക.
നേരത്തെ ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറിയുടെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ലോട്ടറി ഏജന്റുമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ക്രിസ്തുമസ് - പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുകയില്‍ 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനായിരുന്നു സര്‍ക്കാരിന്റെ ആലോചന. എന്നാല്‍ ലോട്ടറി ഏജന്റുമാരുടെ പ്രതിഷേധം കണക്കിലെടുത്ത് വിജ്ഞാപനം റദ്ദാക്കുകയായിരുന്നു.












Click it and Unblock the Notifications