8 ബില്ലുകള്‍ ഗവര്‍ണറുടെ മുന്നില്‍, സുപ്രീം കോടതിയിലേക്ക് സര്‍ക്കാര്‍, മറുപടിയുമായി ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ വീണ്ടും പോരിലേക്ക്. ബില്ലുകള്‍ തടഞ്ഞുവെച്ച് ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെച്ചിരിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ സമീപനം ഭരണഘടനാ വിരുദ്ധമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല. ഗവര്‍ണര്‍ എട്ട് ബില്ലുകളില്‍ ഒപ്പിടാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കുന്നതിന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ കെകെ വേണുഗോപാലിനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മൂന്ന് ബില്ലുകള്‍ പാസാക്കിയിട്ട് ഒരു വര്‍ഷവും പത്ത് മാസവും പിന്നിട്ടിരിക്കുകയാണ്. അതില്‍ മൂന്നെണ്ണം യൂണിവേഴ്‌സിറ്റി ബില്ലാണ്.

ഗവര്‍ണര്‍ സര്‍വകലാശാല ബില്ലില്‍ ഒപ്പുവെയ്ക്കാത്തതിനാല്‍ വിവിധ സര്‍വകലാശാലകളിലെ വിസി നിയമനം സ്തംഭിച്ച അവസ്ഥയിലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കം ഒപ്പിടാനുണ്ട്. ഗവര്‍ണര്‍ ഒപ്പിടാത്തത് കൊണ്ട് ഇവയൊന്നും നിയമം ആയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഉപദേശം തേടിയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്.
ഇത്തരത്തില്‍ ബില്‍ പിടിച്ച് വെക്കുന്നത് ശരിയല്ല. തെലങ്കാന, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് മുന്നില്‍ നിയമപരമായി നേരിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നുവെന്ന തീരുമാനത്തെ സ്വാഗതംചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ കോടതിയില്‍ പോകുമ്പോള്‍ ആശയക്കുഴപ്പം മാറിക്കോളും. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണം ഇല്ലാത്തപ്പോള്‍ ആണ് ഇത്രയധികം പണം ചെലവഴിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ബില്ലുകള്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്നാണ് ഹര്‍ജിയിലൂടെ സുപ്രീം കോടതിയോട് ചോദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications