'പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, പ്രതിക്ക് ചിലർ സംരക്ഷണം ഒരുക്കുന്നു'; രാഹുലിനെതിരെ പിണറായി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽ കഴിയുന്ന കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിനെതിരെ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണെന്നും ചിലർ രാഹുലിന് സംരക്ഷണം ഒരുക്കുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ ആരോപണം. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
കേസ് പോലീസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ട്. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാഹുൽ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണെന്നും രാഹുലിന്റേത് പൊതുപ്രവർത്തകന് ചേരാത്ത പെരുമാറ്റമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. മറ്റ് എംഎൽഎമാരുടെ കാര്യം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കോൺഗ്രസിന്റെ നടപടി മാതൃകാപരമാണെന്ന് പറയാൻ പറ്റുമോ? എന്നായിരുന്നു ചോദിച്ചത്.

ഭാവിയിലേക്കുള്ള നിക്ഷേപം എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനെ എല്ലാവർക്ക് മുൻപിലും അവതരിപ്പിച്ചത്. ഇതുവരെയും സംരക്ഷണ വലയത്തിനുള്ളിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ അയാൾക്ക് കവചമൊരുക്കി, ഭാവിയുടെ വാഗ്‌ദാനമായി രാഹുലിനെ അവതരിപ്പിച്ചു. രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുവെന്നും പിണറായി ആരോപിക്കുന്നു.
രാഹുലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എവിടെയാണ് ഒളിപ്പിച്ചത് എന്ന് പറഞ്ഞാൽ പിടിക്കാം. രാഹുൽ ഒളിച്ചിരിക്കുന്നത് കോൺഗ്രസ് സംരക്ഷണത്തിലാണ്. ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തിയാണ് രാഹുലിൽ നിന്ന് ഉണ്ടായത്. ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ഉണ്ടായതെന്നും പിണറായി പറഞ്ഞു.
കോൺഗ്രസ് നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ നേതാവ് സംസാരിക്കുമ്പോഴാണ് പിന്നിൽ നിന്ന് അണികൾ ബഹളം വയ്ക്കുന്നത്. ആരും ഇയാളെ തൊടാൻ പാടില്ലെന്നാണ് പറയുന്നത്. ഇത്തരമൊരു സംരക്ഷണവലയം എന്തിന് ഒരുക്കാൻ തയ്യാറായി? നമുക്ക് ആ വിഷയം വിടാം. അത് തന്നെ ഇങ്ങനെ പറഞ്ഞുക്കൊണ്ട് ഇരിക്കേണ്ട; മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തെ കുറിച്ചും പിഎം ശ്രീ വിവാദത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ശബരിമലയിലെ അന്വേഷണത്തെപ്പറ്റി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയുന്നത് ഔചിത്യമല്ലെന്നും അന്വേഷണത്തിൽ പൂർണ തൃപ്‌തി രേഖപ്പെടുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആര് തെറ്റ് ചെയ്‌താലും അവരെ സംരക്ഷിക്കുന്ന നടപടി പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്‌തു.
പിഎം ശ്രീയെ കുറിച്ചുള്ള ചോദ്യത്തിന് എംപിമാർ എല്ലാം കേരളത്തിന് അർഹതപ്പെട്ട കാര്യങ്ങൾ വാങ്ങി നൽകാൻ ബാധ്യസ്ഥരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന വിവേചനപൂർവമായ നടപടികളെ ഇവിടുത്തെ പ്രതിപക്ഷം കഴിഞ്ഞ ലോക്‌സഭയിൽ എതിർത്തിട്ടില്ല. പലപ്പോഴും കേരള സർക്കാരിനെ എതിർക്കാനാണ് അവർ ശ്രമിച്ചതെന്നും കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ് എംപിമാരെന്നും പിണറായി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications