ഗവര്‍ണറുടെ ചായസല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചായസല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെയാണ് ഈ നീക്കം. രാജ്ഭവനില്‍ ഗവര്‍ണറുടെ അറ്റ്‌ഹോം വിരുന്ന് ഇന്ന് നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി അടക്കം തീരുമാനിക്കുകയായിരുന്നു.
നേരത്തെ നയപ്രഖ്യാപന പ്രസംഗം വെറും ഒന്നര മിനുട്ടില്‍ ഒതുക്കിയ ഗവര്‍ണറുടെ നടപടിയില്‍ അടക്കം സര്‍ക്കാരിന് രോഷമുണ്ടായിരുന്നു. ഇതിനിടയിലാണ് ചായസല്‍ക്കാര ബഹിഷ്‌കരണം. ഗവര്‍ണര്‍ക്കെതിരെ സിപിഎം നേതാക്കളും മന്ത്രിമാരുമെല്ലാം രൂക്ഷ വിമര്‍ശനം നടത്തുന്നുണ്ട്.

മന്ത്രിസഭാംഗങ്ങള്‍ക്ക് പുറമേ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സല്‍ക്കാരത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. വിരുന്നിന് ഇരുപത് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുമുണ്ട്. സര്‍ക്കാരിന്റെ ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയായിരുന്നു തുക അനുവദിച്ചത്. രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ട് 1200 പേര്‍ക്കാണ് ചായസല്‍ക്കാരം നല്‍കുന്നത്.
വൈകീട്ട് ആറരയ്ക്കായിരുന്നു പരിപാടി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദമാണ് ബഹിഷ്‌കരണത്തിന് കാരണമായിരിക്കുന്നത്. മുമ്പ് പുതിയ മന്ത്രിമാരായ ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ ചായ സത്കാരവും മുഖ്യമന്ത്രി അടക്കം ബഹിഷ്‌കരിച്ചിരുന്നു.












Click it and Unblock the Notifications