പിഡബ്ല്യുഡി പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനത്ത് ഓട്ടോമാറ്റഡ് ക്വാളിറ്റി ടെസ്റ്റിംഗ് ലാബ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണം നടക്കുന്ന റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ എത്തി തല്‍സമയം ഗുണനിലവാര പരിശോധന നടത്തുന്ന സംവിധാനമാണ് ഓട്ടോമാറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിംഗ് ലാബിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ഓട്ടോമാറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിംഗ് ലാബാണിത്. മൂന്ന് ബസുകളിലായി അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ലാബ് തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കേന്ദ്രമായി പ്രവര്‍ത്തിക്കും.
കാലികമായ രീതികളും സമ്പ്രദായങ്ങളും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരും കരാറുകാരും സ്വായത്തമാക്കണമെന്നും അതിന് അവര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുയ. 'നമ്മുടെ എഞ്ചിനീയര്‍മാര്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഉള്ള വൈദഗ്ധ്യം എടുത്തുപറയേണ്ട കാര്യമില്ല. പക്ഷെ, കാലികമായ കാര്യങ്ങള്‍ എന്‍ജിനീയര്‍മാരില്‍ എത്തേണ്ടതുണ്ട്. പുതിയ രീതികളെക്കുറിച്ച് എഞ്ചിനീയര്‍മാരും അതുപോലെ കരാറുകാരും അറിയണം. അതിന് അവര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ മാത്രമല്ല കാലികമായ അറിവ് സമ്പാദിക്കാന്‍ ഉള്ള പരിശീലനം എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു.
ബിറ്റുമിന്‍, സിമന്റ്, മണല്‍, മെറ്റല്‍ തുടങ്ങി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാനും കരാറുകാര്‍ കൊണ്ടുവരുന്ന സാമ്പിളുകള്‍ പരിശോധിക്കാനും തല്‍സമയം മൊബൈല്‍ ലാബ് വഴി സാധിക്കും. ഇങ്ങനെ ഗുണനിലവാരം മെച്ചപ്പെടുത്തി സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുക പൂര്‍ണമായും പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശ്യം.
സര്‍ക്കാര്‍ പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ മൊബൈല്‍ ലാബിന്റെ വരവോടെ പൊതുമരാമത്ത് വകുപ്പിന് കഴിയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനവിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഗുണനിലവാരം ഉണ്ടായിരിക്കണം. ആ രീതിയിലുള്ള ഇടപെടലാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.
സ്വാഭാവിക റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍, ജിയോ ടെക്സ്റ്റൈല്‍സ് എന്നിവ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. പരിസ്ഥിതി സൗഹൃദ റോഡുകള്‍ക്കാണ് മുന്‍ഗണന. കേരളത്തില്‍ റോഡ് ഡിസൈന്‍ ചെയ്യുമ്പോള്‍ കഠിന ചൂട്, അതിശൈത്യം, ഉയര്‍ന്ന വാഹനപ്പെരുപ്പം എന്നീ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2016 ന് ശേഷം വലിയ രീതിയിലാണ് കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നത്. ഇതിന് വലിയ രീതിയില്‍ തന്നെ ജനം സഹകരിക്കുന്നുണ്ട്. പലയിടത്തും വികസന പദ്ധതികള്‍ക്ക് ഭൂമി നല്‍കാനും മറ്റും നാട്ടുകാര്‍ സ്വമേധയാ മുന്നോട്ടു വരുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വകുപ്പില്‍ ഏറ്റവും ആധുനികമായ രീതികള്‍ ഉപയോഗിക്കുമ്പോള്‍ തെറ്റായ ചില പ്രവണതകള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും മിനി ലാബ് സജ്ജമാക്കാനും ആലോചനയുണ്ട്. അന്താരാഷ്ട്ര ലാബ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, വി ശിവന്‍കുട്ടി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications