'രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ്, തീവ്രവാദിയൊന്നുമല്ലല്ലോ', മുഖ്യമന്ത്രി ഭീരുവാണെന്ന് ശബരീനാഥൻ
തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധിക്കാന്‍ ആസൂത്രണം നടത്തിയെന്ന ആരോപണത്തില്‍ കെഎസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നതിന് തൊട്ട് മുന്‍പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരീനാഥന്‍ അറസ്റ്റിന് ശേഷം എആര്‍ ക്യാമ്പിലേക്ക് കൊണ്ട് പോകവേ പറഞ്ഞു. താന്‍ തീവ്രവാദിയൊന്നുമല്ല.. രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് വധശ്രമം ചുമത്തി കേസെടുത്തിരിക്കുന്നതെന്നും ശബരീനാഥന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഭീരുവാണ്. രണ്ട് യുവാക്കള്‍ പ്രതിഷേധിച്ചാല്‍ വധശ്രമം ആകുമോ എന്നും ശബരീനാഥന്‍ ചോദിച്ചു. ഭീരുവായ മുഖ്യമന്ത്രിയെ കേരള പോലീസ് സംരക്ഷിക്കുകയാണ്. ഇതാണ് കേരളത്തിലെ ജനാധിപത്യവും പോലീസുമെന്നും കെഎസ് ശബരീനാഥന്‍ കുറ്റപ്പെടുത്തി.

ശബരീനാഥിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നു. '' ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചപ്പോഴാണ് 15 മിനിട്ട് മുന്‍പേ അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ചോദ്യം ചെയ്യുന്നതിന് മുന്‍പേ അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞ സര്‍ക്കാര്‍ കോടതിയെയും കബളിപ്പിച്ചു. പൊലീസും അധികാരവും കൈയ്യിലുണ്ടെന്ന അഹങ്കാരത്തിന്റെ വഴിയിലൂടെയാണ് സര്‍ക്കാര്‍ പോകുന്നത്. ഇത് ശരിയായ കീഴ് വഴക്കമല്ല''.
''നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയത്. അവരുടെ കൈയ്യില്‍ ആയുധം ഇല്ലായിരുന്നെന്നും കേവലം പ്രതിഷേധം മാത്രമായിരുന്നെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും അതേ കേസിലാണ് മുന്‍ എം.എല്‍.എ കൂടിയായ ശബരിനാഥനെയും അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് ശബരിനാഥിനെ സംരക്ഷിക്കും''; വിഡി സതീശൻ വ്യക്തമാക്കി.
പിണറായി വിജയൻ ഭീരുവാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. ''ഇനിയും സമരം ചെയ്യും. കരിങ്കൊടി കാണിച്ചാൽ ഉടഞ്ഞ് പോകുന്ന വിഗ്രഹങ്ങൾ നാട് ഭരിക്കുമ്പോൾ പ്രതിഷേധം അനിവാര്യതയാണ്''. ശബരീനാഥനോടോപ്പം സംഘടന ഉറച്ച് നിൽക്കുമെന്നും ഷാഫി വ്യക്തമാക്കി.












Click it and Unblock the Notifications