'തെമ്മാടിത്തരമാണ് കാണിച്ചത്' പൂഞ്ഞാറില്‍ മുസ്ലീങ്ങളെ തിരഞ്ഞ് പിടിച്ചതല്ല, ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഈരാറ്റുപേട്ട പള്ളിയില്‍ പുരോഹിതന് നേരെ കുട്ടികള്‍ ചെയ്തത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎന്‍എം ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയായിരുന്നു വിമര്‍ശനം.
ഈരാറ്റുപേട്ടയില്‍ മുസ്ലീം വിഭാഗത്തിന് മാത്രം പോലീസ് അറസ്റ്റ് ചെയ്‌തെന്ന് ഹുസൈന്‍ മടവൂര്‍ മുഖ്യമന്ത്രിയുമായുള്ള ചോദ്യോത്തര വേളയില്‍ പറഞ്ഞിരുന്നു. ഇതിനാണ് പിണറായി മറുപടി നല്‍കിയത്. ആ കട്ടികള്‍ എന്ത് തെമ്മാടിത്തരമാണ് അവിടെ കാണിച്ചത്. ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘത്തില്‍ മുസ്ലീങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവരെ മാത്രം തിരഞ്ഞുപിടിച്ചതല്ല. ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോള്‍ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള്‍ കരുുന്നത്. പക്ഷേ അതില്‍ മുസ്ലീം വിഭാഗക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പോലീസ് ഒരിക്കലും ഒരു വിഭാഗത്തെ മാത്രമായി തിരഞ്ഞുപിടിച്ചതല്ല. ഹുസൈന്‍ മടവൂരിനെ പോലുള്ളവര്‍ തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തരുത്.
പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാവാം. തെറ്റുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയും എടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂഞ്ഞാര്‍ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതുവരെ 27 വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പത്ത് പേരാണ് ഉള്ളത്. കേസില്‍ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. ആറ് കാറുകളിലും ബൈക്കുകളിലും എത്തിയ യുവാക്കള്‍ വാഹനങ്ങള്‍ വേഗത്തില്‍ ഓടിക്കുകയും റേസിംഗ് ശൈലിയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയുമായിരുന്നു. പള്ളിയില്‍ ആരാധന നടക്കുന്നുണ്ടെന്നും വാഹനങ്ങളുമായി പുറത്തുപോകണമെന്നും സഹവികാരി ഫാദര്‍ ജോസഫ് ആറ്റുചാലില്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇവര്‍ പുറത്തുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഗേറ്റ് അടയ്ക്കാന്‍ പോകുന്നതിനിടയില്‍ ഫാദറിന്റെ കൈയ്യില്‍ ബൈക്ക് തട്ടുകയും, പിന്നാലെയെത്തിയ കാറിടിച്ച് അദ്ദേഹം നിലത്ത് വീഴുകയുമായിരുന്നു. വൈദികന്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ക്രൈസ്തവ സംഘടനകള്‍ എല്ലാം സമരത്തിന് ഇറങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications