പ്രധാനമന്ത്രി മടങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ റോഡ് ഷോ; ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷവും...
കൊല്ലം: ബൈപ്പാസ് ഉദ്ഘാടനം ബിജെപിക്കും സിപിഎമ്മിനും ശക്തി തെളിയിക്കാനുള്ള വേദിയായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നടക്കും. പാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ സിപിഎം എംഎല്‍മാരെ വിളിക്കാതെ, ബിജപി നേതാക്കളെ ക്ഷണിച്ച് ബൈപ്പാസ് ഉദ്ഘാടനം നടത്തുന്നത് ഏറെ വിവാദമായിരുന്നു.

ആശ്രാമം മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ബൈപാസ് ഉദ്ഘാടന വേദി. മുഖ്യമന്ത്രിയാണ് ചടങ്ങിലെ അധ്യക്ഷന്‍. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി പീരങ്കി മൈതാനത്തേക്ക് പോകും. അവിടെയാണ് എന്‍ഡിഎയുടെ മഹാസമ്മേളനം. ഇവിടെ മോദി പ്രസംഗിക്കുമ്പോള്‍ ബൈപ്പാസില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന റോഡ് ഷോ നടക്കുമെന്ന് സംഘാടകര്‍ പറയുന്നു. വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെയാകും പിണറായി വിജയന്റെ റോഡ് ഷോ.
സംസ്ഥാന സര്‍ക്കാരാണ് ആദ്യം ബൈപ്പാസ് ഉദ്ഘാടനം തീരുമാനിച്ചത്. ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചത്. എന്നാല്‍ ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുണ്ടായി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും ഈ മാസം 15ന് പരിപാടി നടക്കുമെന്നും അറിയിക്കുകയായിരുന്നു. ഇതോടെയാണ് വിവാദം തുടങ്ങിയത്.
ഉദ്ഘാടന ചടങ്ങില്‍ ഇരിപ്പിടമുള്ള ക്ഷണിതാക്കളില്‍ പാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ എംഎല്‍എമാരെ ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ കൊല്ലം എംഎല്‍എ മുകേഷിന് ഇരിപ്പിടം ഒരുക്കിയിരുന്നു. നേമം എംഎല്‍എ ഒ രാജഗോപാല്‍, രാജ്യസഭാ എംപിമാരായ സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരെ ക്ഷണിക്കുകയും ചെയ്താണ് ചടങ്ങ് കൂടുതല്‍ വിവാദമാക്കിയത്.












Click it and Unblock the Notifications