കൊച്ചിൻ കാർണിവൽ; 4 ന് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല, കടുത്ത നിയന്ത്രണങ്ങൾ
കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവലില്‍ വന്‍ സുരക്ഷ ഒരുക്കും. പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുന്നതെന്ന് മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, കെ.ജെ മാക്‌സി എം.എല്‍.എ, ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ കെ.മീര, ഡെപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോള്‍, മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ കെ.ആര്‍ മനോജ് എന്നിവര്‍ അറിയിച്ചു.
ഫോര്‍ട്ട്‌കൊച്ചി കൂടാതെ പള്ളുരുത്തി കാര്‍ണിവല്‍, എറണാകുളത്തപ്പന്‍ ഗ്രൗണ്ട് എന്നിവടങ്ങളില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിസംബര്‍ 31 ന് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചുണ്ടെന്നും മേയര്‍ പറഞ്ഞു. ഡിസംബര്‍ 31ന് രാത്രി പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട് വിവിധ സെഗ്‌മെന്റുകളായി തിരിച്ചാകും ആളുകളെ കടത്തിവിടുക. ഓരോ സെഗ്‌മെന്റിലും നിയന്ത്രിത ആളുകളെ മാത്രമാകും കടത്തിവിടുക. പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികള്‍ തുടരും. പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും. ആയിരത്തോളം പോലീസുകാരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കും.

വനികളുടെ സുരക്ഷയ്ക്കായി മഫ്തിയിലും പോലീസ് ഉണ്ടാകും. നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കും. ആവശ്യമായ ബയോ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം സജ്ജമാക്കും. ബസ് സര്‍വീസിനായി കൊച്ചിന്‍ കോളജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും.
ഗതാഗത നിയന്ത്രണങ്ങള്‍
ഡിസംബര്‍ 31 ന് വൈകിട്ട് 4 വരെ മാത്രമെ വൈപ്പിനില്‍ നിന്നും റോ-റോ ജങ്കാര്‍ വഴി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുകയുളളു. വൈകിട്ട് 7 വരെ വൈപ്പിനില്‍ നിന്നും ജങ്കാര്‍ വഴി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് പൊതുജനങ്ങളെ മാത്രം കടത്തി വിടും. വൈകിട്ട് 7 ന് ശേഷം റോ-റോ ജങ്കാര്‍ സര്‍വ്വീസും ബോട്ട് സര്‍വീസും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഉണ്ടാകില്ല. അതേസമയം വൈപ്പിന്‍ ഭാഗത്തേക്ക് സര്‍വീസ് ഉണ്ടാകും. രാത്രി 12 ന് ശേഷം സര്‍വീസ് വൈപ്പിൻ ഭാഗത്തേക്ക് മാത്രം ഉണ്ടാകും. വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിക്ക് ഉണ്ടാകില്ല.
കൂടാതെ ഫോര്‍ട്ട്‌കൊച്ചിയില്‍ ജനത്തിരക്ക് കൂടിയാല്‍ വൈകിട്ട് നാലിന് മുന്‍പ് തന്നെ സ്വിഫ്റ്റ് ജംഗ്ഷന്‍, തോപ്പുംപടി ബി.ഒ.ടി പാലം, കണ്ണങ്ങാട്ട്, ഇടക്കൊച്ചി, കുമ്പളങ്ങി-പഴങ്ങാട്, കണ്ടക്കടവ് എന്നിവടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം ക്രമപ്പെടുത്തും.
ഫോര്‍ട്ട്‌കൊച്ചിയിലേക്കെത്തുന്ന എറണാകുളം, ഇടക്കൊച്ചി, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സ്വകാര്യ/കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍, ഫോര്‍ട്ട്‌കൊച്ചിയില്‍ തിരക്ക് ആകുന്നതുവരെ ബി.ഒ.ടി തോപ്പുംപടി -കഴുത്തുമുട്ട് - പറവാന- പള്ളത്തുരാമന്‍- വെളി വഴി ഫോര്‍ട്ട്‌കൊച്ചി ബസ് സ്റ്റാന്റില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ കുന്നുംപുറം-അമരാവതി വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് സര്‍വ്വീസ് നടത്തണം.
ഫോര്‍ട്ട്‌കൊച്ചിയില്‍ തിരക്കായി കഴിഞ്ഞാല്‍ സ്വകാര്യ/ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൊച്ചിന്‍ കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന താത്ക്കാലിക ബസ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും മടങ്ങി പോകുന്നവര്‍ക്ക് കൊച്ചിന്‍ കോളേജ് ഗ്രൗണ്ടിലെത്തി അവിടെ നിന്നും ബസ്സില്‍ തിരികെ തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് പോകാം.
കൊച്ചിന്‍ കോളേജ് ഗ്രൗണ്ടില്‍ യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ അവിടെ നിന്നും പാണ്ടിക്കുടി-സ്റ്റാച്യു ജംഗ്ഷന്‍-കുമാര്‍ പമ്പ് ജംഗ്ഷന്‍-പരിപ്പ് ജംഗ്ഷന്‍ വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേയ്ക്ക് തിരിച്ച് സര്‍വ്വീസ് നടത്തണം. രാത്രി 12 ന് ശേഷം ബസ് സര്‍വീസ് കൊച്ചിന്‍ കോളജ് ഗ്രൗണ്ട് ഭാഗത്ത് നിന്നും നഗരത്തിലേക്ക് ഉണ്ടാകും.
ഡിസംബര്‍ 31ന് വാഹനങ്ങള്‍ തടയുന്ന ഭാഗങ്ങള്‍
ബി.ഒ.ടി, സ്വിഫ്റ്റ് ജംഗ്ഷന്‍, ബി.ഒ.ടി വെസ്റ്റ് ജംഗ്ഷന്‍ (കോടതിക്ക് സമീപം), ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം കിഴക്ക് ഭാഗം, പഷ്ണിത്തോട് പാലം, കുമ്പളങ്ങി പഴങ്ങാട് ജംഗ്ഷന്‍, കണ്ടക്കടവ്, പപ്പങ്ങാമുക്ക്, ജൂബിലി ജംഗ്ഷന്‍, മാന്ത്ര പാലം, പള്ളത്തുരാമന്‍ ജംഗ്ഷന്‍, വെളി വെസ്റ്റ് ദ്രോണാചാര്യ റോഡ്, വെളി വെസ്റ്റ് കെ.ബി ജേക്കബ് റോഡ്.
വാഹന പാര്‍ക്കിങ്
ഫോര്‍ട്ട്‌കൊച്ചി നിവാസികളുടെ റോഡ് സൈഡുകളില്‍ പാര്‍ക്ക് ചെയ്തുവരുന്ന വാഹനങ്ങള്‍ ഫോര്‍ട്ട്‌കൊച്ചി സെന്റ്: പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലും, ഫോര്‍ട്ട്‌കൊച്ചി ഡെല്‍റ്റാ സ്‌കൂള്‍ ഗ്രൗണ്ടിലും (സൗത്ത് ഗേറ്റ്) പാര്‍ക്ക് ചെയ്യണം. കൂടാതെ ഫോര്‍ട്ട്‌കൊച്ചിയില്‍ ആഘോഷ ദിവസങ്ങളില്‍ എത്തി ഹോട്ടലുകളിലും ഹോം സ്റ്റേകളിലും മറ്റും താമസിക്കുന്നവരുടെ വാഹനങ്ങള്‍ റോഡ് സൈഡുകളിലും മറ്റും പാര്‍ക്ക് ചെയ്യാതെ പാര്‍ക്കിങ് ഗ്രൗണ്ടുകളിലേക്കും മറ്റും മാറ്റി ഇടണം.












Click it and Unblock the Notifications