നേമത്ത് കോൺഗ്രസ് നാടകം, മലമ്പുഴയിലെ ബിജെപിയുമായുളള ധാരണ മറയ്ക്കാൻ, തുറന്നടിച്ച് ഐസക്
തിരുവനന്തപുരം: നേമം മണ്ഡലമാണിപ്പോൾ രാഷ്ട്രീയ കേരളത്തിലെ ശ്രദ്ധാ കേന്ദ്രം. ബിജെപിയുടെ ഏക സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസിൽ നിന്ന് ആര് വരുമെന്നതാണ് ചോദ്യം. നേമത്തെ സ്ഥാനാർത്ഥിയുടെ പേരിൽ കോൺഗ്രസ് നാടകം കളിക്കുകയാണ് എന്നാണ് ധനമന്ത്രി തോമസ് ഐസക് ആരോപിക്കുന്നത്. ബിജെപിയുമായി മലമ്പുഴയിലുണ്ടാക്കിയ ധാരണ മറച്ച് വെക്കാനാണിത് എന്നും തോമസ് ഐസക് ആരോപിച്ചു.

നേമം നാടകം കളിക്കുകയാണ് കോൺഗ്രസ്
തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: '' ബിജെപിയുമായി മലമ്പുഴയിലുണ്ടാക്കിയ ധാരണ മറച്ചുവെയ്ക്കാൻ നേമം നാടകം കളിക്കുകയാണ് കോൺഗ്രസ്. മലമ്പുഴയിലെ മത്സരരംഗത്തു നിന്ന് കോൺഗ്രസ് പിന്മാറിക്കഴിഞ്ഞു. ജനതാദളിനാണ് നേർച്ചക്കോഴിയുടെ റോൾ. അവർക്കാണെങ്കിൽ മണ്ഡലത്തിൽ പേരിനുപോലും ആളില്ല. ഒരു സ്വാധീനവുമില്ലാത്ത മണ്ഡലം, തങ്ങളുടെ ചുമലിൽ കെട്ടിവെച്ചതിന്റെ ഞെട്ടൽ അവർക്കിതുവരെ മാറിയിട്ടില്ലത്രേ.

കളിയുടെ തനിയാവർത്തനം
കഴിഞ്ഞ തവണ നേമത്ത് കളിച്ച കളിയുടെ തനിയാവർത്തനമാണിത്. 2011ൽ ബിജെപി അവിടെ രണ്ടാം സ്ഥാനത്തു വന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസ് കളം ബിജെപിയ്ക്കു വിട്ടുകൊടുത്തു. ജയിക്കാനാവശ്യമായ വോട്ടും സംഭാവന ചെയ്തു. 2006ൽ 60884 വോട്ടു നേടി കോൺഗ്രസ് വിജയിച്ച മണ്ഡലമാണ് നേമം. അവിടെ 2016ൽ കിട്ടിയത് 13860 വോട്ട്. ഇങ്ങനെയാണ് കേരളത്തിൽ ബിജെപിയുടെ ആദ്യജയം നേമത്ത് സംഭവിച്ചത്.

അങ്ങനെയൊരു ചിന്തയേ ഇല്ല
ഈ കളി മലമ്പുഴയിൽ കളിച്ചു നോക്കുകയാണ് ബിജെപിയും കോൺഗ്രസും. കഴിഞ്ഞ തവണ അവിടെ ബിജെപി രണ്ടാംസ്ഥാനത്തായിരുന്നു. കോൺഗ്രസ് മൂന്നാമതും. നേമം നാടകം ആത്മാർത്ഥമാണെങ്കിൽ മലമ്പുഴയിലും യുഡിഎഫിന് ശക്തനായ സ്ഥാനാർത്ഥി വേണം. അങ്ങനെയൊരു ചിന്തയേ യുഡിഎഫിനോ കോൺഗ്രസിനോ ഇല്ല.

ഈ കളി മറച്ചു വെയ്ക്കാനുള്ള നാടകം
പകരം ദുർബലനായ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന പഴുതിലൂടെ, തങ്ങളുടെ വോട്ടുകൾ ബിജെപിയ്ക്കു മറിക്കാൻ സാഹചര്യമൊരുക്കുകയാണ് കോൺഗ്രസ്. ഈ കളി മറച്ചു വെയ്ക്കാനുള്ള നാടകമാണ് നേമത്ത് ആടുന്നത്. നേമത്ത് സംഭവിച്ചതുപോലെ മലമ്പുഴയിലെ യുഡിഎഫ് വോട്ടുകൾ പതിനായിരത്തിലേയ്ക്ക് ഇടിഞ്ഞാലും അത്ഭുതമില്ല. യുഡിഎഫ് ബിജെപി സഖ്യത്തെ നേമത്തും മലമ്പുഴയിലും എൽഡിഎഫ് പരാജയപ്പെടുത്തുക തന്നെ ചെയ്യും. ഒപ്പം ഈ ജനവഞ്ചന കേരളത്തിൽ തുറന്നു കാട്ടുകയും ചെയ്യും''.












Click it and Unblock the Notifications