കെ സുധാകരനെ മാറ്റുമോ? ദീപ ദാസ് മുന്‍ഷിയുടെ പ്രതികരണം ഇങ്ങനെ, രാഹുല്‍ ഗാന്ധിയെ കുറിച്ചും...
താരിഖ് അന്‍വറിന് പകരം കേരളത്തിന്റെ സംഘടനാ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത് ദീപ ദാസ് മുന്‍ഷിക്കാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന കേരളത്തിന്റെ ചുമതല ഭാരിച്ചതാണ് എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല. നേതാക്കളെ ഒരുമിച്ച് നിര്‍ത്തുകയും മുന്നേറ്റമുണ്ടാക്കുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല.
കെപിസിസി അധ്യക്ഷനായി കെ സുധാകരനും പ്രതിപക്ഷ നേതാവായി വിഡി സതീശനും എത്തിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രകടനം ആശാവഹമാണ്. ഗ്രൂപ്പ് പോര് കുറഞ്ഞിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ അസ്വാരസ്യങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നുണ്ട്.

ഇതിനിടെയാണ് സിപിഎമ്മിന് അടിക്കാന്‍ വടി കൊടുക്കുന്ന രീതിയില്‍ കെ സുധാകരന്റെ ചില 'നാക്കുപിഴകള്‍'. സംഘപരിവാറിനെ പിന്തുണയ്ക്കുന്ന രീതിയില്‍ അദ്ദേഹം സംസാരിക്കുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ സുധാകരന്‍ വിദേശത്തേക്ക് ചികില്‍സയ്ക്ക് പോകുകയാണ്.
സുധാകരന്‍ അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും പുതിയ അധ്യക്ഷനെ നിയമിക്കുമോ എന്ന ചോദ്യം പല കോണില്‍ നിന്നായി ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല എന്നാണ് ദീപ ദാസ് മുന്‍ഷി പറയുന്നത്. കേരളത്തിലെ നേതാക്കള്‍, ഹൈക്കമാന്റ് എന്നിവരുമായി സംസാരിച്ച ശേഷമേ പ്രതികരിക്കാനാകൂ എന്ന് അവര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കുമോ എന്ന കാര്യത്തിലും വ്യക്തമായ ഉത്തരം ദീപ ദാസ് മുന്‍ഷി നല്‍കിയില്ല. രാഹുല്‍ ഗാന്ധിയും ഹൈക്കമാന്റുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു അവരുടെ പ്രതികരണം. രാഹുലിന് ഏത് മണ്ഡലവും സുരക്ഷിതമാണ്. ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു.
ഇതിന് മുമ്പ് മുഹ്‌സിന കിദ്വായി ആണ് കേരളത്തിന്റെ ചുമതല വഹിച്ച വനിതാ എഐസിസി സെക്രട്ടറി. അന്തരിച്ച മുതിര്‍ന്ന നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യയാണ് ദീപ ദാസ് മുന്‍ഷി. നേരത്തെ കേന്ദ്രമന്ത്രിയായിരുന്നു. തന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ദൗത്യമാണ് എന്ന് ദീപ ദാസ് മുന്‍ഷി പറഞ്ഞു. നേതാക്കള്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. അതെല്ലാം അവതരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ അവസരമുണ്ടെന്നും ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications