'വർഗീയ, ഭീകര വാദികളെ സിപിഎം ചേര്‍ത്തു നിര്‍ത്തുകയാണ്', വിമർശനവുമായി വിടി ബൽറാം
കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തിയതിലും പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും പ്രതികരണവുമായി തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണത്തെ അട്ടിമറിക്കാന്‍ ബിജെപിയെ എല്‍ഡിഎഫ് കൂട്ടുപിടിച്ചുവെന്നും നേരത്തെ ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിനെ അട്ടിമറിക്കാന്‍ സിപിഎം എസ്ഡിപിഐയെ കൂട്ടുപിടിച്ചുവെന്നും വിടി ബല്‍റാം ആരോപിച്ചു.
സിപിഎം അംഗം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നതോടെ ഒരു വോട്ടിനാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. നേരത്തെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാണ് പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.

വര്‍ഗീയവാദികളെ സിപിഎം ചേര്‍ത്തു നിര്‍ത്തുകയാണ് എന്നും അധികാരത്തിന് വേണ്ടി നാടിനെ കുരുതിക്കളമാക്കുകയാണ് എന്നും വിടി ബല്‍റാം ആരോപിച്ചു. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ പ്രതികരണം. ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.
വിടി ബൽറാമിന്റെ പ്രതികരണം ഇങ്ങനെ: ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരണത്തെ അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചത് എസ്ഡിപിഐയോടൊപ്പം ചേർന്നാണ്. ഇരുകൂട്ടരും ചേർന്നവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഒക്ടോബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സുഹ്റ അബ്ദുൾഖാദർ ചെയർപേഴ്സണായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണത്തെ അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചത് ബിജെപിയോടൊപ്പം ചേർന്നാണ്.
ഇരുകൂട്ടരും ചേർന്നവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്സണായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രണ്ടവസരങ്ങളിലും ഉണർന്നു പ്രവർത്തിച്ച് എതിരാളികളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തിയ പുതിയ ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിനും ജില്ലയിലെ മറ്റ് യുഡിഎഫ് നേതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നു.
സാന്ദർഭികമായി ചേർത്ത് പറയട്ടെ, പാലക്കാട് മലമ്പുഴയിൽ ഇന്ന് ഒരു ബിജെപി പ്രവർത്തകൻ കൊല ചെയ്യപ്പെട്ടിരിക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ സംശയമുന നീളുന്നത് എസ്ഡിപിഐക്ക് നേരെയാണ്. വർഗീയ, ഭീകര വാദികളെ അപ്പുറത്തുമിപ്പുറത്തും ചേർത്തുനിർത്തി അവരുടെ പിന്തുണയാൽ അധികാരത്തിന്റെ അപ്പക്കഷണങ്ങൾ തേടുന്ന സിപിഎം ഈ നാടിനെ കുരുതിക്കളമാക്കുകയാണ്.












Click it and Unblock the Notifications