'എന്റെ വിശ്വാസ്യത ആരുടേയും മുന്നിൽ തെളിയിക്കേണ്ട ആവശ്യം എനിക്കില്ല'; വിവാദങ്ങളിൽ പ്രതികരിച്ച് ആന്റണി
തിരുവനന്തപുരം: തന്റെ വിശ്വാസ്യത ആർക്ക് മുൻപിലും തെളിയിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. മകൻ അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ആന്റണി. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ അനിൽ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന വിവാദ ഇടനിലക്കാരൻ ടിജി നന്ദകുമാറിന്റെ ഗുരുതര ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കിൽ മാത്രം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അതായത് ഏപ്രിൽ 26ന് ശേഷം ഈ വിഷയത്തിൽ പ്രതികരിക്കാമെന്നും ആന്റണി വ്യക്തമാക്കി.

തന്റെ കാലഹരണപ്പെട്ട നേതാവ് എന്ന വിളിച്ച അനിൽ ആന്റണിയെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. "അച്ഛനും മകനും തമ്മിലുള്ള ബന്ധം വീട്ടിലാണ്. അദ്ദേഹം ബിജെപി നേതാവാണ്, ഞാനൊരു കോൺഗ്രസ് നേതാവാണ്. താൻ ബിജെപിയുടെ ഭാഗമായതുകൊണ്ടാകാം അനിൽ ഈ പരാമർശം നടത്തിയത്' എന്നായിരുന്നു ആന്റണി പറഞ്ഞത്.
കൂടാതെ ബിജെപി എളുപ്പത്തിൽ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന പ്രതീതി ഇപ്പോഴില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യാ സഖ്യം സൂര്യനെ പോലെ ഉദിച്ചുയരുകയാണ്, ബിജെപിക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമാവില്ല. ഇന്ത്യാ സഖ്യത്തിന് വിജയ സാധ്യത ഉണ്ട്' ആന്റണി അഭിമുഖത്തിനിടെ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
ബിജെപി മൂന്നാം തവണയും വിജയിച്ചാൽ ഇന്ത്യ അതേപടി നിലനിൽക്കില്ലെന്ന ഭയം ജനങ്ങൾക്കിടയിലുണ്ട്. നമ്മുടെ ഭരണഘടനയാണ് നമ്മുടെ മാഗ്നാകാർട്ട. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നാണ് അതിൽ പറയുന്നത്. എന്നാൽ ഇന്ന് നമ്മുടെ ഏറ്റവും വലിയ ശക്തിയായ വൈവിധ്യം ഭീഷണിയിലാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.
കൂടാതെ കേരളത്തിലും സമാന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ വിരുദ്ധ പ്രവണതയാണ് ഇവിടെ നിലനിൽക്കുന്നത്. ചരിത്രത്തിലൊരിക്കലും ജനങ്ങൾക്ക് ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. ട്രഷറി ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടുമില്ല. ശമ്പളവും പെൻഷനും ഉൾപ്പടെ വൈകുന്നുവെന്നും ആന്റണി ആരോപിച്ചു.
കേരളത്തിലെ കോൺഗ്രസിന് ഇപ്പോൾ സംഘടനാപരമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും, നേതൃത്വം ഒറ്റക്കെട്ടാണെന്നും ആന്റണി പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications