സമവായ നീക്കം പാളുന്നു; ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്ന് എ ഗ്രൂപ്പ്
തിരുവനന്തപുരം; സംഘടന തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ പുനഃസംഘടന വേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് ഗ്രൂപ്പുകൾ. എന്നാൽ പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന നിലപാട് ആവർത്തിക്കുകയാണ് കെ പി സി സി നേതൃത്വം. ഇതിനിടയിൽ സംസ്ഥാന നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി പുനഃസംഘടന നടപടിക്കെതിരെ യോഗം ചേർന്നിരിക്കുകയാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ്.

ഗ്രൂപ്പ് യോഗങ്ങൾ പാടില്ലെന്ന കെ പി സി സി നിർദ്ദേശങ്ങളെ തള്ളിയാണ് ഇന്ന് പുതുപ്പള്ളിയിൽ പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയുള്ള യോഗം ചേർന്നിരിക്കുന്നത്. യോഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ ദൃശ്യങ്ങൾ പകർത്തുന്നതടക്കമുള്ള കാര്യങ്ങളിൽ നിന്നും മാധ്യമങ്ങളെ വിലക്കിയതായും റിപ്പോർട്ടർ ചാനൽ വാർത്തയിൽ പറയുന്നു.

നിലവിൽ പുതിയ ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെ നിയമിക്കാനുള്ള നീക്കമാണ് കെ പി സി സി നേതൃത്വം നടത്തുന്നത്. മാസങ്ങളായി ഇത് സംബന്ധിച്ചുള്ള ചർച്ചകളിലാണ് കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും. ഗ്രൂപ്പുകളിൽ നിന്നും ജില്ലാ അടിസ്ഥാനത്തിൽ സാധ്യത ലിസ്റ്റും നേതൃത്വം തേടിയിരുന്നു. എന്നാൽ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന നടത്തുന്നതിന്റെ പ്രസക്തി എന്താണെന്നാണ് ഗ്രൂപ്പുകൾ ഉയർത്തുന്ന ചോദ്യം.

ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ തിരുമാനം കൈക്കൊണ്ടതോടെ ഇതിനായുള്ള അംഗത്വ വിതരണം നവംബർ ഒന്നിന് ആരംഭിച്ചിരുന്നു. മാർച്ച് 31 വരെയാണ് ഇതിന്റെ നടപടികൾ നീളുക. തുടർന്ന് ഘട്ടം ഘട്ടമായി വിവിധ തലങ്ങളിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും. സപ്റ്റംബറോടെ എ ഐ സി സി അധ്യക്ഷനേയും കണ്ടെത്തും. പിന്നാലെ നടക്കുന്ന എ ഐ സി സി പ്ലീനറിയിൽ പ്രവർത്തകസമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പു കാര്യത്തിലും തീരുമാനമെടുക്കും.

ഇതിനിടയിൽ വിവിധ ജില്ലകളിലെ ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യുന്നത് തിരഞ്ഞെടുപ്പിന്റെ സുതാര്യതയെയും നിഷ്പക്ഷതയെയും സ്വാധീനിക്കുമെന്നാണ് ഐ,ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനും നിലവിലെ സാഹചര്യത്തിൽ പുനഃസംഘടന ഒഴിവാക്കണം എന്നുമുള്ള നിലപാട് തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി നിയമിതനായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ കഴിഞ്ഞ ദിവസം ഗ്രൂപ്പുകൾ അറിയിക്കുകയും ചെയ്തു.

സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായം ചൂണ്ടിക്കാട്ടി നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യത നിലനിൽക്കുന്നതിലും ഗ്രൂപ്പുകൾക്ക് ആശങ്കയുണ്ട്. അതേസമയം പ്രാദേശിക തലത്തിൽ ശക്തമായ സ്വാധീനം ഉണ്ടെന്നിരിക്കെ തിരഞ്ഞെടുപ്പ് നടന്നാൽ ഇപ്പോൾ നഷ്ടപ്പെട്ട ആധിപത്യം തിരിച്ച് പിടിക്കാനാകുമെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ.

അംഗത്വ വിതരണം പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനും ഗ്രൂപ്പുകൾ തയ്യാറെടുപ്പ് നടത്തുന്നുണ്ട്. അതേസമയം സംഘടന തിരഞ്ഞെടുപ്പ് നടന്നാൽ കാര്യങ്ങൾ കൈവിടുമെന്ന ആശങ്കയിലാണ് കെ പി സി സി നേതൃത്വം. ഇതോടെ സമവായത്തിനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് നേതാക്കൾ.

തെരഞ്ഞെടുപ്പ് വേണ്ടെന്നും ചര്‍ച്ചയിലൂടെ പുതിയ നേതൃത്വ തെരഞ്ഞെടുക്കുമെന്ന സന്ദേശം ഹൈക്കമാന്‍ഡിന് കൈമാറാനാണ് കെപിസിസി നേതൃത്വത്തിന്റെ ആലോചന. എന്നാൽ കെ പി സി സി, ഡി സി സി അധ്യക്ഷൻമാരെ നിയമിക്കുന്ന സമയത്ത് ഉൾപ്പെടെ മതിയായ പരിഗണന ലഭിക്കാത്ത ഗ്രൂപ്പുകൾ ഇത്തരമൊരു നിർദ്ദേശം അംഗീകരിക്കാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്












Click it and Unblock the Notifications