ഇനി വരി നിന്ന് വിഷമിക്കേണ്ട; വരുന്നു മോഡേണ്‍ ഔട്ട്‌ലെറ്റുകള്‍, മദ്യം യഥേഷ്ടം കണ്ടറിഞ്ഞ് എടുക്കാം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മദ്യം വാങ്ങാന്‍ വരി നിന്ന് വിഷമിക്കുന്ന മദ്യപര്‍ക്കൊരു സന്തോഷ വാര്‍ത്ത. കണ്ടറിഞ്ഞ് വിലവിവരം നോക്കി ഇഷ്ടമുള്ള ബ്രാന്‍ഡ് തന്നെ തിരഞ്ഞെടുക്കാം. കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്‌ലെറ്റുകളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് കണ്‍സ്യൂമെര്‍ഫെഡ്. വരി നില്‍ക്കല്‍ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം.

ദേശീയ പാതയോരത്ത് നിന്നും മാറ്റുന്ന കണ്‍സൂമര്‍ഫെഡ് മദ്യവില്പന ശാലകളാണ് സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്‌ലെറ്റുകളാക്കി മാറ്റുന്നത്. 39 ഔട്ടലെറ്റുകളാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇതില്‍ 27 എണ്ണവും മാറ്റി സ്ഥാപിക്കേണ്ടി വരും. ഈ ഔട്ട് ലെറ്റുകളെ സെല്‍ഫ് സര്‍വീസ് ഔട്ട്‌ലെറ്റാക്കി മാറ്റാനാണ് ഭരണസമിതിയുടെ തീരുമാനം.

നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍

നിലവില്‍ നാല് സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട് ലെറ്റുകളാണ് കണ്‍സ്യൂമെര്‍ഫെഡിനുള്ളത്. അതില്‍ രണ്ടും കൊച്ചിയിലാണ്. വൈറ്റില, ഗാന്ധിനഗര്‍, തൃശൂര്‍, കൊയിലാണ്ടി എന്നിവടങ്ങളിലാണ് നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍. അതില്‍ പുതുവര്‍ഷ തലേന്ന് ഒരു കോടി രൂപയുടെ കച്ചവടം നടത്തി വൈറ്റില ഔട്ട്‌ലെറ്റ് റിക്കോര്‍ഡിട്ടിരുന്നു.

കുറഞ്ഞ വിലയ്ക്കുള്ള മദ്യവും

നിലവിലുള്ള സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ ഉയര്‍ന്ന വിലയ്ക്കുള്ള മദ്യം മാത്രമാണ് ലഭിക്കുന്നത്. പുതുതായി സ്ഥാപിക്കുന്ന സെല്‍ഫ് സര്‍വീസ് ഔട്ട്‌ലെറ്റുകളില്‍ കുറഞ്ഞ വിലയക്കുള്ള മദ്യം ലഭിക്കാനുള്ള കൗണ്ടറും സ്ഥാപിക്കും.

അല്‍പം ഇരിക്കാം

മദ്യം വാങ്ങാനെത്തിയവര്‍ക്ക് ഇനി നിന്ന് വിഷമിക്കെണ്ട. ഇരിപ്പിടം തയാറാണിവിടെ. തിരക്കു മൂലം വരിനില്‍ക്കേണ്ടി വരുന്നവര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. മദ്യ വില്പനശാലകളില്‍ ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.

പാര്‍ക്കിംഗ് സൗകര്യവും

പുതിയ ഔട്ട്‌ലെറ്റുകളില്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. സ്ഥല സൗകര്യം കൂടുതല്‍ വേണമെന്നതിനാല്‍ 3500 ചതുരശ്രയടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താല്‍ മതിയെന്നാണ് തീരുമാനം.

കെട്ടിടം കണ്ടെത്തി

മിക്കയിടത്തും പുതിയ ഔട്ട്‌ലെറ്റിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മാറ്റി സ്ഥാപിക്കുന്ന ഔട്ട്‌ലെറ്റുകള്‍ക്കായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കൊയിലാണ്ടി, തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ ഔട്ട്‌ലെറ്റുകള്‍ക്കായും സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

വൈറ്റില അനിശ്ചിതത്വത്തില്‍

പുതുവത്സരത്തലേന്ന് റിക്കോര്‍ഡ് കച്ചവടം നടന്ന വൈറ്റില ഔട്ട്‌ലെറ്റും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാറ്റി സ്ഥാപിക്കണം. എന്നാല്‍ പറ്റിയ സ്ഥലം കണ്ടെത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

English summary
Consumer Fed planning for more self service outlet.
Please Wait while comments are loading...