രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി സര്‍ക്കാരിന് തിരിച്ചടിയല്ല; രാജു പി നായര്‍
കൊച്ചി: ലൈംഗിക പീഡന ആരോപണ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുകയാണ്. എന്നാല്‍ മറ്റൊരു കേസ് കൂടി ഉള്ളതിനാല്‍ അറസ്റ്റിനുള്ള സാധ്യതയുണ്ട്. ഈ കേസില്‍ കൂടി ജാമ്യം നേടാനുള്ള ശ്രമത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ പത്ത് ദിവസത്തോളമായി രാഹുല്‍ പൊതുമധ്യത്തില്‍ എത്തിയിട്ടില്ല.
എംഎല്‍എ ആയ വ്യക്തി എവിടെയാണ് എന്ന് കണ്ടെത്താന്‍ പോലീസിന് സാധിക്കുന്നില്ലേ എന്ന ചോദ്യം പല ഭാഗത്തുനിന്നും ഉയര്‍ന്നുകഴിഞ്ഞു. ഇതിന് പിന്നില്‍ സര്‍ക്കാരിന്റെ തന്ത്രമാണ് എന്നും ആക്ഷേപമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ സര്‍ക്കാര്‍ വെട്ടിലായ സംഭവങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് എറണാകുളം കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജു പി നായര്‍ അഭിപ്രായപ്പെടുന്നത്.

രാജു പി നായരുടെ കുറിപ്പ് വായിക്കാം: ''രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ നടപടി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് പോലെ സര്‍ക്കാരിന് തിരിച്ചടിയല്ല. സര്‍ക്കാര്‍ ആഗ്രഹിക്കുന്നതാണ് നടക്കുന്നത്. ശബരിമല കൊള്ള ഉള്‍പ്പടെ ഈ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചകള്‍ വഴിമാറ്റുക എന്നത് സര്‍ക്കാരിന്റെ താല്പര്യമാണ്. ആദ്യത്തെ പരാതിക്കാരിയുടെ അവസാനം പുറത്തു വന്ന ഓഡിയോ ക്ലിപ്പ് വാര്‍ത്ത ആയപ്പോള്‍ തന്നെ അവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മാധ്യമങ്ള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.
ആ പരാതി നല്‍കിയാല്‍ സ്വാഭാവികമായും ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ടി വരുമെന്ന് പോലീസിന് അറിയാത്തതല്ല. അങ്ങനെ ഒരു രാഷ്ട്രീയ കോളിളക്കമായ കേസില്‍ എം.എല്‍.എ. ആയ പ്രതി രക്ഷപെട്ടാല്‍ അത് നാണക്കേടാണെന്ന് പോലീസിന് തിരിച്ചറിയാത്തതല്ല. പത്ത് ദിവസമായി 'ഒളിവില്‍' കഴിയുന്ന എം.എല്‍.എ.യെ കണ്ടു പിടിക്കാന്‍ പോലും കഴിയാത്ത പൊലീസാണ് കേരളത്തിലേതെന്ന് ആര്‍ക്കും അഭിപ്രായമുണ്ടാവില്ല.
എവിടെയാണ് എം.എല്‍.എ. ഒളിവില്‍ കഴിയുന്നതെന്ന് സതീശന്‍ പറഞ്ഞാല്‍ പോലീസ് പിടിച്ചോളുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ ഇതിന്റെ രാഷ്ട്രീയ ലക്ഷ്യം വെളിവാക്കുന്നതാണ്. കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചപ്പോള്‍ തന്നെ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരിക്കുന്നുവെന്നും കോള്‍ കട്ട് ചെയ്തു കളയുന്നുവെന്നും വാര്‍ത്ത നല്‍കിയിരുന്നതാണ്. എന്നിട്ടും പോലീസിന് പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന് ഒരു ലക്ഷ്യമേ ഉള്ളു അത് തിരഞ്ഞെടുപ്പ് ദിവസം വരെ ശബരിമല കൊള്ള ചര്‍ച്ച ചെയ്യാതെയിരിക്കുക എന്നതാണ്. രണ്ടാമത്തെ കേസ് നിലനില്‍ക്കുന്നത് കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനിയും 'ഒളിവില്‍' തന്നെ കഴിയേണ്ടി വരും.
കോണ്‍ഗ്രസ് ഈ വിഷയത്തില്‍ എടുത്ത മാതൃകാപരമായ നടപടികള്‍ ആണ് സര്‍ക്കാരിന്റെ പ്രതിസന്ധി. അത് മറികടക്കാന്‍ നടത്തുന്ന നാടകമാണ് ഇപ്പോള്‍ കാണുന്നത്. പക്ഷെ പാലക്കാട് നീലപ്പെട്ടി നിരന്തരം ചര്‍ച്ച ചെയ്തിട്ടും നിലമ്പൂര്‍ റെയ്ഡ് ചര്‍ച്ച സജീവമാക്കിയിട്ടും തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് ദിവസം രാവിലെ മാത്രം അറസ്റ്റ് ചെയ്യപ്പെട്ട വ്യാജവീഡിയോ പ്രതിയുടെ വാര്‍ത്ത ചര്‍ച്ചയാക്കിയിട്ടും പരാജയപ്പെട്ടത് എല്‍. ഡി. എഫ് ആണ്. തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലവും മറ്റൊന്നായിരിക്കില്ല.''












Click it and Unblock the Notifications