ശോഭ സുരേന്ദ്രന് നോട്ടീസ് അയച്ച് കോടതി; നടപടി ഇപി ജയരാജൻ നൽകിയ മാനനഷ്‌ടക്കേസിൽ
കണ്ണൂർ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ഇപി ജയരാജൻ നൽകിയ മാനനഷ്‌ടക്കേസിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രന് കോടതിയുടെ നോട്ടീസ്. കണ്ണൂർ ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ബിജെപി പ്രവേശന ചർച്ചക്കായി ഇപിയുമായി കൂടിക്കാഴ്‌ച നടത്തി എന്ന ശോഭാ സുരേന്ദ്രന്റെ പരാമർശത്തിനെതിരെയാണ് സിപിഎം നേതാവ് പരാതി നൽകിയത്.
പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജൻ നടത്തിയ കൂടിക്കാഴ്‌ചയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു ശോഭയും വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഇത് വലിയ രീതിയിൽ വിവാദമാവുകയും ചെയ്‌തിരുന്നു. ശോഭയുടെ വെളിപ്പെടുത്തൽ തള്ളിയ ജയരാജൻ നിയമപരമായി മുന്നോട്ട് പോവുമെന്നായിരുന്നു വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ ഇപി മാനനഷ്‌ടക്കേസ് നൽകിയിരുന്നു. ദല്ലാൾ ടിജി നന്ദകുമാറിനെയും സംഭവത്തിൽ ബന്ധപ്പെടുത്തിയിരുന്നു. എന്നാൽ ശോഭയുടെ ആരോപണം നന്ദകുമാറും തള്ളുകയായിരുന്നു. ഇപിയുമായി ശോഭ കൂടിക്കാഴ്‌ച നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ശോഭയുടെ വെളിപ്പെടുത്തൽ അസംബന്ധവും തട്ടിപ്പുമാണെന്നായിരുന്നു നന്ദകുമാർ പറഞ്ഞത്.
സംഭവത്തിൽ ശോഭയ്ക്ക് പുറമെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയും ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇപി ബിജെപിയിലേക്ക് പോവാൻ ചർച്ച നടത്തിയെന്ന പ്രചാരണം ഇടതുമുന്നണിയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. വൻ വിവാദങ്ങൾക്കാണ് ഇത് വഴിയൊരുക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്ന ഈ വിവാദം സിപിഎമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുകയും ചെയ്‌തു. ഇതോടെ ഇടത് കേന്ദ്രങ്ങൾ തന്നെ ഇപി ജയരാജനെ തള്ളിക്കൊണ്ട് രംഗത്ത് വന്നിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്നുയർന്ന കടുത്ത സമ്മർദ്ദത്തിന് പിന്നാലെയാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത്.
പ്രകാശ് ജാവദേക്കറിനെ കണ്ട കാര്യം ജയരാജൻ മറച്ചുവച്ചതും വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ആക്കുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു വിവാദ കൂടിക്കാഴ്‌ച. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജയരാജൻ വാർത്തകളിൽ നിറഞ്ഞത് ഉപതിരഞ്ഞെടുപ്പ് കാലത്താണ്. ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ജയരാജന്റെ പേര് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
പാലക്കാട് മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയും കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ഡോ. പി സരിനെതിരെ ആത്മകഥയിൽ വന്ന പരാമർശവും ചർച്ചകൾക്ക് ഇടയാക്കി. കൂടാതെ രണ്ടാം പിണറായി സർക്കാരിനെ ഇപി പരോക്ഷമായി വിമർശിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ആത്മകഥ വിവാദത്തിൽ നേരത്തെ പോലീസ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications