നാലു മാസംകൊണ്ട് രോഗികളുടെ എണ്ണം പൂജ്യത്തിൽ നിന്ന് ഏഴായിരത്തിനടുത്ത്; ലക്ഷദ്വീപിൽ താളംതെറ്റി കോവിഡ് പ്രതിരോധം
നാലു മാസംകൊണ്ട് രോഗികളുടെ എണ്ണം പൂജ്യത്തിൽ നിന്ന് ഏഴായിരത്തിനടുത്ത്; ലക്ഷദ്വീപിൽ കോവിഡ് പ്രതിരോധം താളംതെറ്റിച്ചതാര്?
കൊച്ചി: ഒരു വർഷത്തോളം കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സ്ഥലമാണ് ലക്ഷദ്വീപ്. ഇന്ത്യയിൽ കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ കഴിഞ്ഞ ജനുവരി വരെ ഒരു കോവിഡ് കേസ് പോലുമില്ലാതെ ലക്ഷദ്വീപ് നിവാസികൾ ആശങ്കയുടെ നിഴലില്ലാതെ ജീവിക്കുകയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. നാല് മാസത്തിനിടെ പൂജ്യത്തിൽ നിന്ന് ആറായിരത്തിന് മുകളിലേക്ക് കോവിഡ് കേസുകൾ എത്തി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് ഒന്നാമതാണ് ലക്ഷദ്വീപ്. ഈ മാസം 21നും 23നും ഇടയിൽ മാത്രം 855 കോവിഡ് കേസുകളാണ് ദ്വീപിൽ സ്ഥിരീകരിച്ചത്. ജനുവരി 18ന് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്നലെ വരെയുള്ള കണക്കുപ്രകാരം 6611 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ലക്ഷദ്വപീല്‍ 10 ശതമാനത്തോളം പേര്‍ രോഗബാധിതരായി.

നിലവിൽ 2050 പേരാണ് ലക്ഷദ്വീപിൽ ചികിത്സയിലുള്ളത്. 24 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 4512 പേർ രോഗമുക്തി നേടുകയും ചെയ്തു. മേയ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ 66.7 ശതമാനമാണ് കേസ് പോസിറ്റിവിറ്റി നിരക്ക്. 1,13,934 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കവരത്തിയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചത്, 2369 പേര്‍. ആന്ത്രോത്ത്-1540 അമിനി- 757, കല്‍പ്പേനി-582, അഗത്തി-482, കില്‍ത്താന്‍-319, മിനിക്കോയ്-248, കടമത്ത്-154, ചെത്‌ലത്-153, ബിത്ര-ഏഴ് എന്നിങ്ങനെയാണ് മറ്റു ദ്വീപുകളിലെ മെയ് 23 വരെയുള്ള കണക്ക്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ദ്വീപിൽ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട് ഇപ്പോൾ. നാല് പ്രധാനദ്വീപുകളില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനവാസം കൂടുതലുള്ള കവരത്തി, ആന്ത്രോത്ത്, അമിനി, കല്‍പ്പേനി ദ്വീപുകളിലാണ് സമ്പൂർണ ലോക്ക് ഡൗണ്‍. മറ്റു ദ്വീപുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ലക്ഷദ്വീപിലാകെ നിലവില്‍ 23 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൂർണ ഉത്തരവാദി അഡ്മിനിസ്ട്രേറ്റർ ആണെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം മുതൽ ദ്വീപിൽ വലിയ ജാഗ്രതയായിരുന്നു. കോവിഡ് മാനദണ്ഡങ്ങളില്‍ ലക്ഷദ്വീപിലെ പുതിയ അഡ്മിനിട്രേറ്റര്‍ ഇളവ് വരുത്തിയതാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.

ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് കരയിൽ തന്നെ ക്വാറന്റൈനും കോവിഡ് പരിശോധനയും നടത്തേണ്ടതുണ്ടായിരുന്നു. കൊച്ചിയിൽ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ഗസ്റ്റ് ഹൗസുകളിലോ ഹോസ്റ്റലുകളിലാ ഒരാഴ്ചത്തെ ക്വാറന്റൈൻ നിർദേശിച്ചിരുന്നത്. അതിനുശേഷം നടത്തുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ കപ്പലിലേക്കു പ്രവേശനം ലഭിക്കുമായിരുന്നുള്ളൂ. മറ്റ് തുറമുഖങ്ങളായ മംഗലാപുരത്ത് നിന്നും കോഴിക്കോട് നിന്നും ദ്വീപിലേക്ക് എത്താൻ ഇതേ മാനദണ്ഡങ്ങൾ പാലിക്കണമായിരുന്നു. അഗത്തിയിൽ എത്തിയാലും രണ്ടാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കണമായിരുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി കഴിഞ്ഞ ഡിസംബറിലാണ് മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രികൂടിയായ പ്രഫുൽ പട്ടേൽ അധികാരമേൽക്കുന്നത്. ഡിസംബര്‍ 28 നു പുറപ്പെടുവിച്ച പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം യാത്ര പുറപ്പെടുന്ന സ്ഥലത്തെയും ലക്ഷദ്വീപിലെയും ക്വാറന്റൈന്‍ എടുത്തുകളഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍) അംഗീകാരമുള്ള ഏതെങ്കിലും ലാബില്‍നിന്നുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ നിലവില്‍ ദ്വീപിലേക്കു പ്രവേശിക്കാം എന്ന സ്ഥിതി എത്തി.

എന്നാൽ കേരളത്തിലെ കോവിഡ് കേസുകളുടെ വർധനവാണ് ലക്ഷദ്വീപിലും പ്രതിഫലിക്കുന്നതെന്നാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പറയുന്നത്. ദ്വീപസമൂഹം പ്രധാനമായും കേരളത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും കോവിഡ് കേസുകളിൽ സംസ്ഥാനത്തിന്റെ കുതിപ്പ് ലക്ഷദ്വീപിലും പ്രതിഫലിക്കുമെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ വാദം.

അതേസമയം ആരോഗ്യ മേഖലയിൽ കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപിന് നിലവിലെ സാഹചര്യം വലിയ വെല്ലുവിളി തന്നെയാണ്. ആശുപത്രികളടക്കം കുറവായ ദ്വീപിൽ പലരും വീടുകളിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നത്. ഇത് കൂടുതൽ ആളുകളിലേക്ക് രോഗവ്യാപനത്തിനും ഇടയാക്കുന്നു. രോഗം ഗുരുതരമായവരെ ദ്വീപിൽ നിന്ന് മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications