'സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത് തികഞ്ഞ അഹന്ത';' കേരളത്തോടുള്ള വെല്ലുവിളി' - വി.മുരളീധരന്‍
'സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത് തികഞ്ഞ അഹന്ത';' കേരളത്തോടുള്ള വെല്ലുവിളി' - വി.മുരളീധരന്‍
ഡൽഹി: സിപിഎമ്മിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. കൊവിഡ് വ്യാപനത്തിനിടെ സിപിഎം പാര്‍ട്ടി ജില്ലാ സമ്മേളനങ്ങൾ സംബന്ധിച്ചാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. കോവിഡ് രോഗവ്യാപനം കുതിച്ചുയരുമ്പോളും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്ന സിപിഎം പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി.
പ്രതിനിധികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിട്ടും തിരുവനന്തപുരം ജില്ലാ സമ്മേളനം നിര്‍ത്തി വയ്ക്കാതിരുന്നത് വലിയ തോതില്‍ കൊവിഡ് രോഗ വ്യാപനത്തിന് ഇടയാക്കി. ജനങ്ങളോട് ഉത്തരവാദിത്തം ഉണ്ടെങ്കില്‍ സമ്മേളനങ്ങള്‍ മാറ്റി വയ്ക്കാന്‍ സി പി എം തയ്യാറാവണം. വൈറസിന്‍റെ മൊത്ത വിതരണം ഏറ്റെടുത്തിരിക്കുകയാണ് ഭരണകക്ഷിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവന്‍ വച്ചുള്ള അപകടകരം ആയ ഈ കളി അവസാനിപ്പിക്കാന്‍ സി പി എം തയ്യാറാവണം. കേന്ദ്ര കമ്മിറ്റിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ക്വാറന്‍റീനില്‍ പോകാതിരുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തെളിച്ച പാതയിലൂടെ ആണ് ജില്ലാ നേതൃത്വങ്ങള്‍ പോവുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ തൃശൂരും കാസര്‍കോടും സമ്മേളനങ്ങള്‍ നടത്തുന്നത് തികഞ്ഞ അഹന്തയാണെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.
ഈ വിഷയത്തിൽ ഹൈക്കോടതിയും ചോദ്യവും ആയി രംഗത്ത് എത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നു. എന്നാൽ, രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് മാത്രം എന്താണ് പ്രത്യേകതയെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോ എന്നും കോടതി ചോദിച്ചു.
അതേസമയം, വിഷയത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത് ഇങ്ങനെ ; - സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് കൊവിഡ് വരുന്നതെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം നിലവാരമില്ലാത്തതാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. സമ്മേളനങ്ങളെല്ലാം ശാസ്ത്രീയമായാണ് നടത്തുന്നത്.
പ്രതിപക്ഷ നേതാവ് വസ്തുതകള്‍ മനസിലാക്കാതെയാണ് സി.പി.ഐ.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സി.പി.ഐ.എം സമ്മേളനത്തിന് വേണ്ടി കൊവിഡ് മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. സമ്മേളനത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് മാത്രം ആണോ കൊവിഡ് വരുന്നത്, അങ്ങനെയാണെങ്കില്‍ മമ്മൂട്ടിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്നും കോടിയേരി ചോദിച്ചു.
കേരളത്തില്‍ ചൂടായതിനാല്‍ കൊവിഡ് വരികയേയില്ല എന്നു പറഞ്ഞയാളാണ് കെ. മുരളീധരന്‍. അദ്ദേഹമാണിപ്പോള്‍ കൊവിഡ് വ്യാപനത്തെക്കുറിച്ച് പറയുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
അതേസമയം, പ്രതിപക്ഷനേതാവ് ഇക്കാര്യത്തിൽ പ്രതികരിച്ചത് ഇങ്ങനെ ; - കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാൻ. സി പി എം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർകോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശ്ശൂരും കാസർകോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഭരണകക്ഷിയായ സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി സമ്മേളനങ്ങൾ മാറ്റിവെക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം പൊതുപരിപാടികൾ മാറ്റിവെച്ചപ്പോൾ നാടിന്റെ രക്ഷയേക്കാൾ ഞങ്ങൾക്ക് വലുത് പാർട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎം പറയുന്നത്. ടെസ്റ്റ് പൊസിറ്റിവ് നിരക്ക് 40 ശതമാനം കടന്നിട്ടും സിപിഎമ്മിന് സമ്മേളനം നടത്താനുള്ള അവസരം ഒരുക്കുന്ന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications