ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി സിപിഐഎമ്മും; പ്രതിഷേധം കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം
തിരുവനന്തപുരം: ഒടുവില്‍ ഇന്ധന വിലവര്‍ധനവിനെതിരെ സിപിഐഎമ്മും രംഗത്തെത്തുന്നു. കേന്ദ്ര കമ്മിറ്റി ആഹ്വാന പ്രകാരം നവമ്പര്‍ 16നാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
അതത് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ധര്‍ണ്ണ സംഘടിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യത്തെ ഇന്ധന വില വര്‍ധനവിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് പെട്രോളില്‍ നിന്ന് 110 കോടിയും, ഡീസലില്‍ നിന്ന് 91 കോടിയുമടക്കം 201 കോടി രൂപയാണ് അധിക വരുമാനമായി ലഭിച്ചത്.

ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് ഇന്ധന വില കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയില്‍ നിന്ന് കേന്ദ്രം ഇളവ് നല്‍കിയത്. സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നികുതി കുറച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നികുതി കുറക്കില്ലെന്ന ഉറച്ച നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം അങ്ങനെ ചെയ്തിട്ടില്ലെന്നാണ് ധനമന്ത്രിയുടെ പറഞ്ഞിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു തരത്തിലുള്ള ഇന്ധന നികുതിയും വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേന്ദ്ര നികുതി വളരെ കൂടുതലാണെന്നും ഇത്രയും ഉയര്‍ന്ന തുക പിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രി പറഞ്ഞിരുന്നത്. കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുന്നുവെന്നാണ് ബാലഗോപാലിന്റെ വാദം. സ്‌പെഷ്യല്‍ നികുതിയുടെ പേരില്‍ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും ഇന്ധന വിലയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോള്‍ വില കുറയ്ക്കാന്‍ തയ്യാറായതെന്നും ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. 2018ല്‍ ക്രൂഡിന്റെ വില 80.08 ആയിരുന്നു അപ്പോള്‍ കേന്ദ്ര നികുതി 17.98 രൂപ. പിന്നീട് ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോള്‍ കേന്ദ്രം നികുതി കൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലവും കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും ഒരു തവണ പിണറായി സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കുകയും ചെയ്‌തെന്നാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് സംസ്ഥാനം നിരവധി പാക്കേജുകളും പദ്ധതികളും നടപ്പിലാക്കിയിട്ടും ഇതിനൊന്നും അര്‍ഹമായ വിഹിതം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആകെ വരുന്ന വരുമാനത്തിന്റെ 41% സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കിട്ടുന്നില്ലെന്നാണ് ആക്ഷേപം. എല്ലാ അര്‍ത്ഥത്തിലും കേന്ദ്രം സംസ്ഥാനങ്ങലെ പറ്റിക്കുകയാണ്. അതേ സമയം എണ്ണ കമ്പനികളുടെ ലാഭം കോടികളാണെന്നും മന്ത്രി പറയുന്നു. സംസ്ഥാന നികുതി കുറയ്ക്കണമെന്ന യുഡിഎഫ് വാദത്തെ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നികുതി കണക്കുകള്‍ വച്ചാണ് ധനമന്ത്രി പറഞ്ഞത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പതിമൂന്ന് തവണ നികുതി കൂട്ടിയെന്നും നാല് തവണ മാത്രമാണ് യുഡിഎഫ് നികുതി കുറച്ചതെന്നും ധനമന്ത്രി പറഞ്ഞു. 32 രൂപ കൂട്ടിയിട്ടാണ് ഇപ്പോള്‍ ഒമ്പത് രൂപ കുറച്ചതെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ധന നികുതി കുറക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചക്ര സ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. രാവിലെ 11 മുതല്‍ 11.15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളില്‍ സമരം നടത്തുക.ഗതാഗതക്കുരുക്ക് ഉണ്ടാവാത്ത തരത്തിലാണ് സമരം നടത്തുകയെന്നും അദ്ദേഹം കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ധനമന്ത്രിയുടെ വൈദഗ്ദ്ധ്യം ആര്‍ക്കും അറിയേണ്ട കാര്യമില്ലെന്നും പെട്രോളിനും ഡീസലിനും വില കുറയ്ക്കുമോ എന്നാണ് അറിയേണ്ടതെന്നും സാഹചര്യത്തിന്റെ ഗൗരവം ഉള്‍കൊള്ളാന്‍ സംസ്ഥാന സര്‍ക്കാറിന് ആവുന്നില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
Recommended Video

ധൂര്‍ത്ത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാറിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതെന്നും ആര്‍ക്കു വേണ്ടിയാണ് കെ.റെയിലും ജലപാതയും. ഇതു കൊണ്ട് ഒക്കെ എന്താണ് നേട്ടമെന്ന് ബോധ്യപ്പെടുത്തുമോ ഇന്ധനത്തിന്റെ വില വര്‍ദ്ധനവോടെ 18,കോടി സര്‍ക്കാരിന് അധിക വരുമാനം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് അനിയന്‍ ബാവ, ചേട്ടന്‍ ബാവ കളിക്കരുതെന്നും ഇന്ധനനികുതിയില്‍ ഇളവ് നല്‍കില്ലെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള ക്രൂരതയാണെന്നും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിന്തുണ നല്‍കുന്ന സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications