സിപിഎം പാർട്ടി കോൺഗ്രസ്: ചുവപ്പുടുത്ത് കണ്ണൂർ; ഇന്ന് കൊടി ഉയരും; മുഖ്യമന്ത്രി പതാക ഉയർത്തും
കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ ഇന്ന് കൊടി ഉയരും. മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയർത്തുന്നത്. വൈകീട്ട് 5 - നാണ് ചടങ്ങുകൾ. കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി നേതൃത്വം നൽകുന്ന കൊടിമര ജാഥയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നേതൃത്വം നൽകുന്ന പതാക ജാഥയും സമ്മേളന നഗരിയിൽ സംഗമിക്കും. പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങളും ഇന്ന് ഉണ്ടാകും.
ബുധനാഴ്ച മുതലാണ് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളള മുതിർന്ന നേതാക്കൾ കണ്ണൂരിൽ എത്തി. സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ ആണ്.

ചടങ്ങുകൾക്ക് പൂർണ്ണ സജ്ജമാകുകയാണ് സി പി എം. പാർട്ടിയെ സംബന്ധിച്ച് ഏറെ സ്വാധീനം ചെലുത്തുന്ന കരുത്തുറ്റ കോട്ടയാണ് കണ്ണൂർ. അതിനാൽ തന്നെ ആവേശത്തിലുളള പ്രചാരണം ആണ് ഇവിടെ നടക്കുന്നത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ കണ്ണൂരിലെ പൊതു സമ്മേളന വേദിയായ എ കെ ജി നഗറിൽ ആണ് എത്തുന്നത്.
അതേസമയം, ഇന്നലെ കാസർകോട് കയ്യൂരിൽ കൊടിമര ജാഥയ്ക്ക് തുടക്കം കുറിച്ചിരുന്നു. സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയും ആയ എം വി ഗോവിന്ദൻ ആയിരുന്നു ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നത്. ജാഥയ്ക്ക് നേതൃത്വം നൽകുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ പി കെ ശ്രീമതി ആണ്. സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ ശ്രീമതിയ്ക്ക് കൊടിമരം കൈമാറി ആയിരുന്നു ജാഥയ്ക്ക് തുടക്കമിട്ടത്. ജാഥാ മാനേജർ കെ പി സതീശ് ചന്ദ്രൻ ആണ്.
Recommended Video

അതേസമയം, സീതാറാം യെച്ചൂരി തന്നെ സി പി എം ജനറൽ സെക്രട്ടറിയായി തുടരണം എന്ന നിലപാടിലാണ് നേതൃത്വം. കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി ചേർന്നിരുന്നു. ഈ വിഷയം സംബന്ധിച്ച് കേന്ദ്ര കമ്മറ്റിയിൽ ധാരണ ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണത്ത് നടന്ന പാർട്ടി കോൺഗ്രസിൽ തർക്കങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ തവണ പാർട്ടി കോൺഗ്രസ്സ് നടന്നത് ഹൈദരാബാദിൽ ആണ്. എന്നാൽ, നീണ്ട ചർച്ചകൾക്കൊടുവിലാണ് സീതാറാം യെച്ചൂരി തുടരാൻ നേതൃത്വം തീരുമാനിച്ചത്. ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തെ സംബന്ധിച്ച തർക്കം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications