ബിനീഷിനെ സിപിഎം സഹായിച്ചില്ലെന്ന് ഭാര്യ റെനീറ്റ, 'അച്ഛനും ഇടപെടാനായില്ല', 'കേസ് രാഷ്ട്രീയപരം'
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. വികാര നിര്‍ഭരമായ രംഗങ്ങള്‍ ആണ് മരുതംകുഴിയിലെ വീട്ടില്‍ അരങ്ങേറിയത്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ബിനീഷ് കെട്ടിപ്പുണര്‍ന്നു.
അമ്മ വിനോദിനി ഒരു വര്‍ഷത്തിന് ശേഷം വീട്ടിലെത്തിയ മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ബിനീഷ് ജയിലില്‍ കിടന്നപ്പോള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പിന്തുണയൊന്നും ലഭിച്ചിട്ടില്ലെന്നും കോടിയേരിക്കും ഇടപെടാനായില്ലെന്നും ബിനീഷിന്റെ ഭാര്യ റെനീറ്റ പ്രതികരിച്ചു.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ജാമ്യം കിട്ടാത്തതിനാല്‍ ഒരു വര്‍ഷം ബിനീഷ് ജയിലില്‍ കിടന്നു. കഴിഞ്ഞ ദിവസമാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ ബിനീഷ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങി. ബൊക്കയും പൂമാലയുമായി നിരവധി പേരാണ് ബിനീഷിനെ സ്വീകരിക്കാന്‍ എത്തിയത്.

ഒരു വര്‍ഷത്തിന് ശേഷമാണ് വീട്ടിലേക്ക് വരുന്നത് എന്നും വിശദമായി പറയാനുളളത് പിന്നീട് പറയാമെന്നും ആണ് ബിനീഷ് കോടിയേരി പ്രതികരിച്ചത്. ചിലരുടെ പേര് പറയാനുളള ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തത് കൊണ്ടാണ് ഒരു വര്‍ഷം തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നതെന്നാണ് ബിനീഷ് ആരോപിക്കുന്നത്. ബിനീഷിന് എതിരെയുളള കേസ് രാഷ്ട്രീയമാണെന്നും അതില്‍ വാസ്തവം ഇല്ലെന്നും ഭാര്യ റെനീറ്റയും പറയുന്നു.

സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ബിനീഷിന് സഹായമൊന്നും ലഭിച്ചിട്ടില്ല. സിപിഎമ്മില്‍ നിന്നും ഇടപെടല്‍ ഉണ്ടായിരുന്നുവെങ്കില്‍ ബിനീഷ് ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നില്ല. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനും ഇടപെടാന്‍ സാധിച്ചിട്ടില്ല. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നും ഇടപെടുക സാധ്യമല്ലെന്നും റെനീറ്റ പറയുന്നു. കോടിയേരി എന്ന പേരുളളത് കൊണ്ടാണ് ബിനീഷ് വേട്ടയാടപ്പെട്ടത് എന്നും റെനീറ്റ പറയുന്നു.

ബിനീഷിന് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഒരിക്കല്‍ പോലും താന്‍ സംശയിച്ചില്ലെന്നും റെനീറ്റ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ജയിലില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ബിനീഷ് ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെ ആകാമായിരുന്നു. അവര്‍ ആവശ്യപ്പെട്ടതിന് ഒന്നും വഴങ്ങാത്തത് കൊണ്ട് ഒരു വര്‍ഷം ബിനീഷിന് ജയിലില്‍ കിടക്കേണ്ടി വന്നുവെന്നും ഭാര്യ റെനീറ്റ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയിരുന്നില്ല ഇഡിക്ക് തന്റെ പക്കല്‍ നിന്നും അറിയേണ്ടി ഇരുന്നത് എന്ന് ബിനീഷ് കോടിയേരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരളത്തിലെ ചില കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ തന്നോട് ചോദിച്ചത്. ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് പറയിപ്പിക്കാന്‍ ഇഡി ശ്രമിച്ചുവെന്നും ചില പേരുകള്‍ പറയാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും ബിനീഷ് കോടിയേരി വെളിപ്പെടുത്തുകയുണ്ടായി. തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും അതെല്ലാം പറയുമെന്നും ബിനീഷ് വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത് പോലെ കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ പത്ത് ദിവസം കൊണ്ട് തന്നെ തനിക്ക് ജയിലില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ സാധിക്കുമായിരുന്നു എന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബര്‍ 28ന് ആണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത്. കര്‍ണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം നല്‍കിയത്. എന്നാല്‍ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറിയതോടെ ബിനീഷ് കോടിയേരിക്ക് കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങാനായിരുന്നില്ല. മകന് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ കേസ് കോടതിയില്‍ ഉളളതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.












Click it and Unblock the Notifications