കടകംപള്ളി സ്പീക്കറായേക്കും? ഐസക്കിന് പകരം രാജീവ്, പിണറായി മന്ത്രിസഭയിലേക്ക് സാധ്യത ഇങ്ങനെ
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ പുതുമുഖങ്ങള്‍ വരുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ സര്‍ക്കാരില്‍ എത്ര മന്ത്രിമാര്‍ വേണമെന്ന കാര്യത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ട്. പക്ഷേ അതെല്ലാം മറികടക്കാവുന്നതാണ്. ഒറ്റ സീറ്റില്‍ ജയിച്ച ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതുണ്ടോ എന്ന കാര്യവും സിപിഎം ആലോചിച്ചേക്കും. അവര്‍ ഉള്‍ക്കൊള്ളേണ്ടി വന്നാല്‍ അഞ്ച് പേരെ ഉള്‍പ്പെടുത്തേണ്ടി വരും. അതോടെ ജംബോ മന്ത്രിസഭ വേണ്ടി വരുമെന്നതുമാണ് സിപിഎമ്മിന് മുന്നിലുള്ള പ്രശ്‌നം. ചെറുകക്ഷികളെ തഴയില്ലെന്നാണ് സൂചന.
കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

സ്പീക്കര്‍ കടകംപള്ളി?
ശ്രീരാമകൃഷ്ണന്‍ ഇത്തവണ മത്സരിച്ചിട്ടില്ല. അതുകൊണ്ട് സീനിയര്‍ നേതാവ് തന്നെ സ്പീക്കറാവാനാണ് സാധ്യത. കടകംപള്ളി സുരേന്ദ്രനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിവാദങ്ങളെല്ലാം ചേര്‍ത്ത് ഇത്തവണ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ തവണ ശിവന്‍കുട്ടി തോറ്റത് കൊണ്ട് കൂടിയാണ് കടകംപള്ളി മന്ത്രിസഭയിലെത്തിയത്. ഇത്തവണ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മന്ത്രി ശിവന്‍കുട്ടിയായിരിക്കും.

ഐസക്കിന് പകരം രാജീവ്
സിപിഎമ്മിന്റെ മണ്ഡലമേ അല്ലാത്ത കളമശ്ശേരിയില്‍ അട്ടിമറി നടത്തി വന്ന പി രാജീവിന് മികച്ച വകുപ്പ് തന്നെ നല്‍കും. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പേരെടുത്ത നേതാവ് കൂടിയാണ് രാജീന്. തോമസ് ഐസക്കിന് പകരം ധനമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിച്ചേക്കാം. നിലവില്‍ ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് അദ്ദേഹത്തെ തന്നെയാണ്. സിപിഎം സെക്രട്ടറേിയറ്റില്‍ നിന്ന് രാജീവിനെ കൂടാതെ കെഎന്‍ ബാലഗോപാലിനും മന്ത്രിസ്ഥാനമുണ്ടാവും. പൊതുമരാമത്ത് വകുപ്പായിരിക്കും ലഭിക്കുക. കെ സുധാകരന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണിത്.

ആരൊക്കെ മന്ത്രിസഭയിലേക്ക്
വീണാ ജോര്‍ജ് ആറന്മുള നിലനിര്‍ത്തിയത് കൊണ്ട് ഇത്തവണ എന്തായാലും അവര്‍ മന്ത്രിസഭയില്‍ ഉണ്ടാവും. പി ചിത്തരഞ്ജനും വിഎന്‍ വാസവനും സജി ചെറിയാനും എവി അബ്ദുറഹ്മാനും നന്ദകുമാറും എംബി രാജേഷും മന്ത്രിസ്ഥാനം കിട്ടാനാണ് സാധ്യത. ഇവര്‍ സാധ്യതാ പട്ടികയിലുണ്ട്. പിപി ചിത്തരഞ്ജന്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പകരം ഫിഷറീസ് വകുപ്പ് ലഭിക്കാനാണ് സാധ്യത. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ തോറ്റത് കൊണ്ടാണ് ഈ വകുപ്പിലേക്ക് ചിത്തരഞ്ജനെ കൊണ്ടുവരുന്നത്. ആലപ്പുഴ ജില്ലയിലെ മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ പ്രവര്‍ത്തനവും ചിത്തരഞ്ജന് ഗുണംചെയ്യും

മന്ത്രിമാര്‍ കുറഞ്ഞേക്കും
സിപിഎമ്മിനും സിപിഐയ്ക്കും ഓരോ മന്ത്രിമാരെ വീതം കുറയാന്‍ സാധ്യതയുണ്ട്. 12 മന്ത്രിമാരായിരിക്കും സിപിഎമ്മിനുണ്ടാവുക. സിപിഐയ്ക്ക് മൂന്ന് മന്ത്രിമാരും കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് രണ്ട് മന്ത്രിമാരെയും ലഭിച്ചേക്കും. ജോസ് പക്ഷത്ത് നിന്ന് രണ്ട് പേര്‍ ഉറപ്പിച്ചിട്ടുണ്ട്. റോഷി അഗസ്റ്റിനും എന്‍ ജയരാജിനുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കെബി ഗണേഷ് കുമാറും ഇത്തവണ മന്ത്രിസഭയിലുണ്ടാവാനാണ് സാധ്യത. എന്‍സിപി, ജെഡിഎസ്, എല്‍ജെഡി പാര്‍ട്ടികള്‍ക്കും മന്ത്രിമാരെ ലഭിച്ചേക്കും.

ശൈലജ മാറില്ല
കെകെ ശൈലജയെ മാറ്റിനിര്‍ത്തിയുള്ള പരീക്ഷണത്തിന് സിപിഎം തയ്യാറല്ല. അത് പാര്‍ട്ടിയുടെ ജനകീയാടിത്തറയ്ക്കും കോട്ടമുണ്ടാക്കും. ശൈലജ ആരോഗ്യ മന്ത്രിയായി തന്നെ തിരിച്ചെത്തും. മന്ത്രിസഭയിലെ രണ്ടാമനായി എംവി ഗോവിന്ദന്‍ എത്തും. വ്യവസായ മന്ത്രിസ്ഥാനമായിരിക്കും ലഭിക്കുക. ഇപി ജയരാജന് പകരമാണിത്. കേന്ദ്ര കമ്മിറ്റി അംഗം രാധാകൃഷ്ണനും ഇത്തവണ മന്ത്രിസഭയിലുണ്ടാകും. എസി മൊയ്തീനെയും ടിപി രാമകൃഷ്ണനെയും മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒരവസരം കൂടി ലഭിച്ചേക്കും. മൊയ്തീന് വൈദ്യുതി വകുപ്പ് ലഭിച്ചേക്കും. രാമകൃഷ്ണന് എക്‌സൈസ് വകുപ്പും.

സിപിഐ സാധ്യത
സിപിഐയില്‍ നിന്ന് കാഞ്ഞങ്ങാട് ജയിച്ച ഇ ചന്ദ്രശേഖരന്‍ മന്ത്രിയാവുമെന്ന് ഉറപ്പായിട്ടില്ല. ഒരാള്‍ രണ്ട് തവണ മന്ത്രിയാവേണ്ടതില്ലെന്ന നിലാപാടാണെങ്കില്‍ ചന്ദ്രശേഖരന്‍ ഒഴിവാകേണ്ടി വരും. ഇകെ വിജയന്‍, കെ രാജന്‍, പി പ്രസാദ്, സികെ ആശ, പിഎസ് സുപാല്‍, ചിറ്റയം ഗോപകുമാര്‍, ജെ ചിഞ്ചുറാണി, എന്നിവരില്‍ ആരെങ്കിലും പരിഗണിക്കപ്പെടാനാണ് സാധ്യത. അതേസമയം എന്‍സിപിയില്‍ നിന്ന് ശശീന്ദ്രന്‍ തന്നെ വരാനാണ് സാധ്യത. തോമസ് കെ തോമസിന്റെ പേരും പരിഗണനയിലുണ്ട്.

ഒഴിവാക്കുമോ ചെറുപാര്‍ട്ടികളെ
ചെറുപാര്‍ട്ടികള്‍ക്ക് തങ്ങളെ തഴയുമോയെന്ന ഭയമുണ്ട്. ജനതാദളിനോട് ലയനം നടത്താന്‍ പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്യു ടി തോമസിനായിരിക്കും മന്ത്രിസ്ഥാനം ലഭിക്കുക. പക്ഷേ ദേശീയ നേതൃത്വം നിലപാട് പറയേണ്ടി വരും. ഒരാള്‍ മാത്രമുള്ള ഘടകകക്ഷികള്‍ക്കാണ് ഭയം. കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍, എല്‍ജെഡി, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും വീണ്ടും മന്ത്രിമാരാകാനാണ് സാധ്യത. കോവൂര്‍ കുഞ്ഞുമോനും സാധ്യത തെളിയുന്നുണ്ട്.
ഗ്ലാമര്‍ ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications