'ദേവഗൗഡയുടെ പാര്‍ട്ടിയുടെ കാര്യം പിണറായിയാണോ തീരുമാനിക്കുക? അസംബന്ധം'; തള്ളി സിപിഎം
തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചെന്ന ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ പരാമര്‍ശം തള്ളി സി പി എം. ദേവഗൗഡയുടെ അസംബന്ധവും അല്‍പ്പത്തവും നിറഞ്ഞ പ്രസ്താവനയാണ് എന്ന് സി പി എം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാര്‍ പറഞ്ഞു.
നേരത്തെ ജെ ഡി എസ്, ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി അനുകൂല നിലപാട് സ്വീകരിച്ചു എന്ന് ദേവഗൗഡ പറഞ്ഞിരുന്നു. ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതിനെതിരേ വിമര്‍ശനമുയര്‍ത്തിയ സി എം ഇബ്രാഹിമിനെ ജെ ഡി എസ് കര്‍ണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് വ്യക്തമാക്കി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ വിവാദ പരാമര്‍ശം.

കേരളത്തില്‍ ജെ ഡി എസ് ഇടതുമുന്നണിക്കൊപ്പമാണ് എന്നും തങ്ങളുട ഒരു എം എല്‍ എ അവിടെ മന്ത്രിയാണ് എന്നും ഗേവഗൗഡ പറഞ്ഞിരുന്നു. എന്നാല്‍ ബി ജെ പിയുമായി ചേര്‍ന്നുപോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി എന്നും കെ കൃഷ്ണന്‍കുട്ടി അതിന് സമ്മതം തന്നു എന്നുമായിരുന്നു ദേവഗൗഡ പറഞ്ഞത്. ഇതിനൊപ്പം പാര്‍ട്ടിയെ രക്ഷിക്കാന്‍ ബി ജെ പിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നു എന്ന് കൂടി ദേവഗൗഡ പറയുകയായിരുന്നു.
ഇതാണ് ഇപ്പോള്‍ സി പി എം തള്ളിക്കളഞ്ഞിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡയെ പോലൊരാള്‍ തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് മറ്റൊരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടാണ് എന്ന് പറയുന്നത് രാഷ്ട്രീയത്തിലെ അല്‍പ്പത്തരമാണ് എന്ന് അനില്‍ കുമാര്‍ പറഞ്ഞു. അതേസമയം ദേവഗൗഡയുടെ പരാമര്‍ശം ജെ ഡി എസ് കേരള ഘടകവും തള്ളി.
ദേശീയ നേതൃത്വം എടുത്ത തീരുമാനത്തോട് യോജിച്ച് പോകാന്‍ കഴിയില്ലെന്ന് തങ്ങള്‍ നേരത്തെ അറിയിച്ചതാണെന്ന് കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. തന്റെ അറിവില്‍ ജെ ഡി എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയിട്ടില്ല എന്നും എന്തുകൊണ്ടാണ് ദേവഗൗഡ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല എന്നും കെ കൃഷ്ണന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗമായി പറഞ്ഞതാകുംല എന്നും ബി ജെ പിയുമായി ഒരിക്കലും യോജിച്ച് പോകാന്‍ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജെ ഡി എസ് കേരള ഘടകം നിലവില്‍ സ്വതന്ത്രമായി നില്‍ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications