Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎം പ്രവർത്തകരെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണ്', കോൺഗ്രസിനെതിരെ ഇപി ജയരാജൻ

കണ്ണൂർ: കെ സുധാകരന് കീഴിലെ കോൺഗ്രസ് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണ് എന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. എസ്എഫ്ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇപി ജയരാജന്റെ പ്രതികരണം. സിപിഎം പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് കൊല്ലുകയാണെന്നും ഇവർ ഇപ്പോൾ ക്യാമ്പസ്സുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് എന്നും ഇപി ജയരാജൻ ആരോപിച്ചു. വികസന പദ്ധതികളോടുള്ള ജനങ്ങളുടെ വലിയ പിന്തുണ കോൺഗ്രസിന്റെ മനോനില തെറ്റിച്ചിരിക്കുന്നുവെന്നും ജയരാജൻ കുറ്റപ്പെടുത്തി.

ഇപി ജയരാജന്റെ പ്രതികരണം: '' യൂത്ത് കോൺഗ്രസ്, കെ എസ് യു ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയ വിദ്യാർത്ഥി സഖാവ് ധീരജിന്റെ ഭൗതീക ശരീരം വിലാപയാത്രയായാണ് കണ്ണൂരിലെ വീട്ടിൽ കൊണ്ടുവന്ന് സംസ്കാരം നടത്തിയത്. കോഴിക്കോട് മുതൽ കണ്ണൂർ വരെ വിലാപയാത്രയെ അനുഗമിച്ചു. ധീരജിന്റെ വീട്ടിലെത്തി അച്ഛനേയും അമ്മയേയും അനിയനേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിക്കാൻ എല്ലാവരും ഏറെ പ്രയാസപ്പെടുകയായിരുന്നു. നിഷ്ഠൂരമായ ഈ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടിലാകെ ഉള്ളത്. രാത്രി ഏറെ വൈകിയും പ്രിയ സഖാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരങ്ങൾ വഴിയിലാകെ അണിനിരന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെ തളിപ്പറമ്പ് പാർട്ടി ഓഫീസിലും ധീരജിന്റെ വീട്ടിലുമെല്ലാം കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളുമുൾപ്പടെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കാനെത്തി.
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ശക്തമായ വികാരം നാട്ടിലാകെ നിലനിൽക്കുകയാണ്‌.

ക്രമസമാധാന പാലനത്തിൽ കേരളത്തിലെ പൊലീസ് സംവിധാനത്തെ രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റാൻ സഖാവ് പിണറായി വിജയൻ സർക്കാരിനായി. എന്നാൽ ക്രമസമാധാനം തകർക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണ് സെമി കേഡർ സിസ്റ്റം എന്ന പേരിൽ സുധാകരന് കീഴിലെ കോൺഗ്രസ്. അതിനായി സിപിഐഎം പ്രവർത്തകരെ തെരെഞ്ഞുപിടിച്ച് കൊല്ലുകയാണ്. തിരുവനന്തപുരത്ത് ഹഖിനേയും മിഥിലാജിനേയും തിരുവോണനാളിലാണ് കോൺഗ്രസ് ഗുണ്ടകൾ വെട്ടിക്കൊന്നത്.

ഇപ്പോൾ അവർ ക്യാമ്പസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി, ഗായകൻ, പഠനത്തിലും മറ്റു പ്രവർത്തങ്ങളിലും മികവ് പുലർത്തുന്നവൻ, അതായിരുന്നു ധീരജ്. അങ്ങിനെയുള്ള ഒരു വിദ്യാർത്ഥിയെയാണ് നെഞ്ചിൽ കത്തിയിറക്കി കൊന്നുതള്ളിയത്. കോൺഗ്രസിന്റെ പിന്തുണയോടെ, യൂത്ത്കോൺഗ്രസിന്റെ സഹായത്തോടെ നിരവധി എസ്.എഫ്.ഐ പ്രവർത്തകരെയാണ്‌ കെ.എസ്.യു കൊന്ന് തള്ളിയത്. ആദ്യ ക്യാമ്പസ് കൊലപാതകം നടക്കുന്നത് ബ്രണ്ണൻ കോളേജിലാണ്. കൊല്ലപ്പെട്ടത് എസ്.എഫ്.ഐ പ്രവർത്തകനും കൊന്നത് കെ.എസ്.യുവും ആയിരുന്നു.

EP

കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിട്ടതും കോൺഗ്രസ് ആയിരുന്നു. ഇത്തരത്തിൽ ചോരക്കറപുരണ്ട കോൺഗ്രസ് രാജ്യമെങ്ങും ഇല്ലാതാവുകയാണ്. കേരളത്തിലെ ചിത്രവും മറിച്ചല്ല. ഇത്തരത്തിൽ കൊലപാതകങ്ങളിലൂടെ നാടിന്റെ സമാധാനം തകർത്ത് തുടർഭരണത്തിലും സർക്കാർ നടത്തുന്ന എണ്ണമറ്റ വികസന പ്രവർത്തനങ്ങൾക്ക് തടയിടാനാകുമെന്നാണ് കോൺഗ്രസ് ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ നാട്ടിലെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിച്ച് ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി മികവുറ്റതാക്കാനാണ് സിപിഐഎം പ്രവർത്തിക്കുന്നത്. പ്രകോപനങ്ങൾ ഏറെയുണ്ടായിട്ടും മനസ്സാന്നിദ്ധ്യം കൈവെടിയാതെ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ഓരോ പാർട്ടി പ്രവർത്തകനും. പൊതിച്ചോർ വിതരണം നടത്തിയും രക്തദാനം ചെയ്തും മറ്റ് സന്നദ്ധപ്രവർത്തനങ്ങളിൽ മുഴുകിയും നാടിനും ജനങ്ങൾക്കും വേണ്ടി ഓടിനടക്കുകയാണ് യുവജന സഖാക്കൾ. ജനങ്ങളുടെ മനസ്സിൽ വളരെ ഉന്നതമായ സ്ഥാനമാണ് ഇടതുപക്ഷ പ്രവർത്തകർക്കുള്ളത്. പ്രകോപനങ്ങൾ കൊണ്ട് അതിനെ ഇല്ലാതാക്കാൻ കോൺഗ്രസിനാകില്ല.

ഇടതുപക്ഷത്തിന്റെ ചരിത്ര വിജയവും തുടർഭരണവും സഖാവ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികളും കോൺഗ്രസിനെ ആകെ അലോസരപ്പെടുത്തിയിരിക്കുകയാണ്‌. വികസന പദ്ധതികളോടുള്ള ജനങ്ങളുടെ വലിയ പിന്തുണ കോൺഗ്രസിന്റെ മനോനില തെറ്റിച്ചിരിക്കുന്നു. അതിനെ തുടർന്നുള്ളതാണ് ധീരജിൻ്റെ കൊലപാതകം ഉൾപടെയുള്ള കാര്യങ്ങൾ. കെ-റെയിൽ ഉൾപ്പടെയുള്ള വിഷയങ്ങളിൽ നടത്തിയ അനാവശ്യ സമര നടപടികൾ ജനം തിരിച്ചറിഞ്ഞു. അവർ സർക്കാരിനൊപ്പം വികസനത്തിനുവേണ്ടി ചേർന്ന് നിൽക്കുകയാണ്.

പരസ്യമായി ഓഫീസുകളിൽ ബോംബ് നിർമ്മാണം നടത്തിയും, ഗുണ്ടാ സംഘങ്ങൾക്കുള്ള താവളമായി ഓഫീസുകളെ ഉപയോഗിച്ചും ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തിയും ശീലിച്ച ക്രിമിനൽ പശ്ചാത്തലമുള്ളവർ നേതൃസ്ഥാനത്ത് എത്തിയപ്പോൾ കോൺഗ്രസ് പാർട്ടിയും ആ ശൈലിയിലേക്ക് മാറി. അതിന്റെ ഫലമാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്. കേരള ജനതയുടെ സമാധാനപരമായ ജീവിതമാണ് സിപിഐഎം ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുമായി പാർട്ടിയും പ്രവർത്തകരും എന്നും ജനങ്ങൾക്കിടയിലുണ്ടാകും. ഗുണ്ടാപ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സമാധാന ജീവിതത്തിന് തുരങ്കം വെയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേരളജനത മനസ്സിലാക്കി കഴിഞ്ഞു. കേരളത്തെ ചോരക്കളമാക്കി, ലോകർക്ക് മുന്നിൽ നാടിനെ അപമാനിക്കാനാണ് കോൺഗ്രസ് ശ്രമം. നാടിന്റെ വികസനത്തേയും മുന്നോട്ടുപോക്കിനേയും ആക്രമണങ്ങളിലൂടെ തടയിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കി ജനങ്ങൾ ശക്തമായ മറുപടി കോൺഗ്രസിന് നൽകണം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+