ഇപിക്കെതിരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം;തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപടിക്ക് സാധ്യത
തിരുവനന്തപുരം: ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നത് അതിരൂക്ഷവിമർശനം.ഇപിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇപിയെ പരസ്യമായി തള്ളിപ്പറയാതെ തത്‌കാലം വിവാദം അവസാനിപ്പിക്കാനാണ് ധാരണ. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം അച്ചടക്കനടപടികളിലേക്കു കടന്നേക്കും.
യോഗത്തിൽ തന്റെ ഭാഗം ഇപി വിശദീകരിച്ചിരുന്നു. ജാവേദ്കർ യാദൃച്ഛികമായി തന്നെ കാണാന്‍ മകന്റെ ഫ്ലാറ്റിലേക്കു വന്നതാണെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് ഇപി വ്യക്തമാക്കിയത്. മാത്രമല്ല മറ്റൊരിടത്ത് വെച്ചും താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഇപി അറിയിച്ചു. എന്നാൽ ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയും വിമർശനം ഉയർന്നു. നന്ദകുമാര്‍ തന്നെ കുടുക്കിയതാണെന്നും അയാളുമായുള്ള ബന്ധം നേരത്തേ അവസാനിപ്പിച്ചതാണെന്നുമാണ് ഇതിന് ഇപി നൽകിയ മറുപടി.

അതേസമയം ദല്ലാളുമായി ഇനി ബന്ധം പാടില്ലെന്ന് ഇപിക്ക് നേതൃത്വം കർശന നിർദ്ദേശം നൽകി. ഇപ്പോഴത്തെ ആരോപണങ്ങൾ പ്രതിരോധിക്കാനായി ശോഭ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാനും സി പി എമ്മിൽ തീരുമാനമായി. അതേസമയം ഘടകക്ഷിയായ സി പി ഐ ഉൾപ്പെടെ വിഷയത്തിൽ ശക്തമായ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ ഇപിക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സി പി എം വൃത്തങ്ങൾ നൽകുന്ന സൂചന.
വിവാദം ഉണ്ടായപ്പോൾ തന്നെ കേന്ദ്ര നേതൃത്വവും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. നിലവിൽ കൺവീനർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാൻ ചർച്ച നടന്നിട്ടില്ല. എന്നാൽ കേന്ദ്രകമ്മിറ്റിയിൽനിന്നോ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നോ സസ്പെന്‍ഷനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സി പി എം വൃത്തങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പിനു ശേഷമുള്ള കേന്ദ്രകമ്മിറ്റിയില്‍ വെച്ച് നടപടി തീരുമാനിച്ചേക്കും.
അതേസമയം. ഇ പി ജയരാജന് എതിരെ ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നാണ് സി പി എം സെക്രട്ടറിയേറ്റിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. ഇവ നേരിടാൻ നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കും. തെറ്റായ നിലപാടുകളെയും സമീപനങ്ങളെയും പ്രതിരോധിക്കുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കാൻ പാർടി ജയരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക ജീവിതത്തിൽ സാംസ്കാരിക മൂല്യമുള്ള രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. അതിനിടയിൽ രണ്ടുപേർ പരസ്പരം കണ്ടു എന്നതിനെ തെറ്റായി കാണാനാവുന്നത് എങ്ങനെയാണ്. ലോഹ്യം പറയരുത് എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്കാരമല്ല. ഒരാളെ കാണരുത് കേൾക്കരുത് എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications