പാലക്കാട് സരിനെ പിന്തുണയ്ക്കാൻ സിപിഎം; ക്ഷണിക്കാത്ത അതിഥിയായി അൻവർ, രംഗം കൊഴുക്കുന്നു
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്‌ടിച്ച വിമത സ്വരം പി സരിനെ പിന്തുണയ്ക്കാൻ ഒരുങ്ങി സിപിഎം. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാനാണ് നിലവിൽ ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. മണ്ഡലത്തിൽ നേട്ടമുണ്ടാക്കാൻ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മുന്നിൽ തുറന്നുകിട്ടിയ സുവർണാവസരമാണ് കോൺഗ്രസിലെ ഭിന്നത.
ഇത് പരമാവധി മുതലെടുക്കുകയാണ് അവരുടെ ലക്ഷ്യം. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇക്കാര്യത്തിൽ വ്യക്തമായൊരു മറുപടി നൽകാൻ തയ്യാറായിരുന്നില്ല. കാത്തിരുന്ന് കാണാം എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അതിനിടയിലാണ് ജില്ലാ സെക്രട്ടറിയേറ്റ് കാലമറിഞ്ഞ് കളിക്കുന്നത്. നിലവിൽ സിപിഎം സാറിനുമായി കൃത്യമായ ധാരണ ഒന്നും തന്നെ ഉണ്ടാക്കിയതായി സൂചനകൾ ഒന്നുമില്ല.

എന്നാൽ സിപിഎം നേതാക്കളുമായി സരിൻ സംസാരിച്ചുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സരിൻ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പാർട്ടിയുടെ സോഷ്യൽ മീഡിയ കൺവീനർ എന്ന നിലയിൽ കോൺഗ്രസിലെ സരിന്റെ സ്വാധീനം മാത്രമല്ല സിപിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിലുപരി കോൺഗ്രസിലെ വിമത നീക്കം എങ്ങനെ ഗുണകരമാക്കാം എന്നതാണ്.
പിവി അൻവറിന്റെ രംഗപ്രവേശം: ഒരു വെടിക്ക് രണ്ട് പക്ഷി
അതിനിടെ മറ്റൊരു ട്വിസ്‌റ്റ് കൂടി ഇതിൽ ഉണ്ടായിരിക്കുകയാണ്. സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പിവി അൻവർ സരിനെ കാണാൻ എത്തിയിരുന്നു. തൃശൂരിലെ ബന്ധുവീട്ടിൽ വച്ചാണ് ഇരുവരും തമ്മിലെ കൂടിക്കാഴ്‌ച നടന്നത്. എന്നാൽ ഇരുവരും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സരിൻ പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.
സരിനെ സ്വാധീനിക്കാൻ അൻവറിന് കഴിഞ്ഞാൽ ഒരുപക്ഷേ ഇടത് വലത് മുന്നണികൾക്ക് ഇത് ഒരുപോലെ കിട്ടുന്ന അടിയാവും. ഏത് വിധേയനായും പാലക്കാട്ട് ജയിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ഇതിലൂടെ തടസപ്പെടും. നിലവിൽ മണ്ഡലത്തിൽ ബിജെപി-കോൺഗ്രസ് നേരിട്ടുള്ള ഏറ്റുമുട്ടലാണ്. വിമത നീക്കം നടത്തുന്ന നേതാവിനെ ഒപ്പം നിർത്തിയാൽ നേട്ടമുണ്ടാക്കാൻ എന്നാണ് സിപിഎം കരുതിയത്.
എന്നാൽ അത് അൻവർ തടയുമോ എന്നാണ് കണ്ടറിയേണ്ടത്. കോൺഗ്രസിനും അൻവർ തലവേദനയാണ്. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ആദ്യ മണിക്കൂറിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടും അത് പ്രയോജനപ്പെടുത്താൻ കഴിയാത്ത നിലയിലാണ് കോൺഗ്രസ്. മാത്രമല്ല അൻവർ സരിനെ ഒപ്പം നിർത്തിയാൽ അവർക്കും തിരിച്ചടിയാണ്.
ചേലക്കരയിലെ കോൺഗ്രസിലും പ്രശ്‌നങ്ങൾ
ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ചേലക്കരയിലും കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് എൻകെ സുധീർ ആണ് വിമതനീക്കം നടത്തുന്നത്. പിവി അൻവറുമായി സുധീർ കൂടിക്കാഴ്‌ച നടത്തിയെന്നാണ് വിവരം.
2009ൽ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു കെഎൻ സുധീർ. മുൻ കെപിസിസി സെക്രട്ടറി കൂടിയാണ് അദ്ദേഹം. നിലവിൽ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സുധീർ പറയുന്നത്. നേരത്തെ മണ്ഡലത്തിൽ പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ സൂധീറിന്റെ പേരും ഉണ്ടായിരുന്നു. തഴയപ്പെട്ടതോടെയാണ് സുധീർ എതിർപ്പുമായി രംഗത്ത് വന്നത്.












Click it and Unblock the Notifications