അമിത് ഷായെ വിമര്‍ശിച്ച് ലേഖനം; ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്റെ നോട്ടീസ്
ദില്ലി: കേരളത്തെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയ രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കറിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിലാണ് ബ്രിട്ടാസ് ലേഖനമെഴുതിയത്. ഇതേ തുടര്‍ന്ന് കേരള ബിജെപി ജനറല്‍ സെക്രട്ടറി പി സുധീറാണ് ബ്രിട്ടാസിനെതിരെ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കിയത്.
കാരണം കാണിക്കല്‍ നോട്ടീസാണ് ബ്രിട്ടാസിന് ലഭിച്ചിരിക്കുന്നത്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരമാമെന്ന പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടാസിനെ രാജ്യസഭാ സെക്രട്ടറിയേറ്റ് വിളിച്ച് വരുത്തിയാണ് നോട്ടീസ് നല്‍കിയത്.

ബ്രിട്ടാസിന്റെ ലേഖനം അപലപനീയവും, ധ്രുവീകരണം ഉണ്ടാക്കുന്നതുമാണ് സുധീര്‍ പറയുന്നു. രാജ്യദ്രോഹപരമായ ലേഖനത്തെ തുടര്‍ന്ന് ബ്രിട്ടാസിനെതിരെ നടപടിയെടുക്കണമെന്നും ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരി ഇരുപതിനാണ് ഈ ലേഖനം ബ്രിട്ടാണ് എഴുതിയത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ കുറിച്ച് ബ്രിട്ടാസ് നല്‍കിയ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു.
അതേസമയം തന്നെ രാജ്യസഭാ ചെയര്‍മാന്‍ വിളിച്ച് വരുത്തിയ കാര്യം ബ്രിട്ടാസ് സ്ഥിരീകരിച്ചു. തന്റെ അഭിപ്രായം അദ്ദേഹം കേട്ടുവെന്നും, കൃത്യമായി വിശദീകരിച്ച് കൊടുത്തിട്ടുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ തനിക്കെതിരെ പരാതി നല്‍കിയ വിചിത്രമായ സംഭവമാണ്. തീര്‍ത്തും അപലപിക്കപ്പെടേണ്ടതാണ് ഈ പരാതി. ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
അത് മൗലികാവകാശമാണെന്ന് ആദ്യം മനസ്സിലാക്കണം. പരാതി തീര്‍ച്ചയായും തള്ളിക്കളയേണ്ടതാണ്. രാജ്യസഭാ ചെയര്‍മാന്‍ ഇതിന് അര്‍ഹിച്ച മറുപടി നല്‍കുമെന്ന് കരുതുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി താന്‍ എഴുതിയ ലേഖനത്തിന്റെ പേരിലുള്ള നടപടി അത്ഭുതപ്പെടുത്തുന്നതാണെന്നും ബ്രിട്ടാസ് പറഞ്ഞു. അതേസമയം അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കേരള മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ ധന്‍കറിന്റെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യസഭാ അംഗങ്ങളും, ചെയര്‍മാനും തമ്മില്‍ നടന്ന കാര്യങ്ങള്‍ പരസ്യമാക്കാനുള്ളതല്ലെന്നാണ് രാജ്യസഭാ സെക്രട്ടേറിയേറ്റിന്റെ നിലപാട്. വിശദീകരണം എഴുതി നല്‍കാന്‍ ബ്രിട്ടാസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യസഭാ സെക്രട്ടേറിയേറ്റ് നല്‍കുന്ന സൂചന.
എന്നാല്‍ ഒരു എംപിയുടെ ലേഖനത്തില്‍ നടപടിയെടുക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും അധികാരമില്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പറയുന്നു. സഭയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ് കാര്യങ്ങള്‍. അച്ചടക്കപരിധിയില്‍ വരുന്നതല്ല ഇക്കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications