ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; കസ്റ്റഡി അപേക്ഷ കോടതിയില്‍
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍പ്പിച്ചിട്ടുള്ളത്. അതോടൊപ്പം രാഹുലിന്റെ ജാമ്യാപേക്ഷയും കോടതിക്ക് മുന്നിലെത്തും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അടിയന്തരമായി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കോടതിയില്‍ കഴിഞ്ഞദിവസം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രാഹുലുമായി തെളിവെടുപ്പ് നടത്തണമെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വാദം കേട്ട തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിക്രമങ്ങളുടെ ഭാഗമായി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയെന്നാണ് കേസ്.

യുവതിയെ പീഡിപ്പിച്ച ഹോട്ടലിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. കൂടാതെ പീഡിപ്പിച്ച വേളയില്‍ ദൃശ്യങ്ങള്‍ രാഹുൽ ചിത്രീകരിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണ്‍ കണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. മൂന്നാം പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധന നിര്‍ണ്ണായകമാകുമെങ്കിലും അന്വേഷണ സംഘത്തിന് മുന്നിലുള്ളത് കടുത്ത സാങ്കേതിക വെല്ലുവിളികള്‍ ആണ്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിക്കും.
പീഡന പരാതി നല്‍കാന്‍ ഒരുങ്ങിയ ഘട്ടത്തില്‍ രാഹുല്‍ അതിജീവിതയ്‌ക്കെതിരെ നടത്തിയ ഗുരുതര ഭീഷണി സന്ദേശങ്ങളുടെ വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും', എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ടെലഗ്രാമില്‍ അയച്ച മറുപടി സന്ദേശങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. 'പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്തോളാം', എന്നത് ഉൾപ്പെടെ ഭീഷണി സന്ദേശത്തിലുള്ളത്.












Click it and Unblock the Notifications