കുസാറ്റ് ദുരന്തം: 'താഴെ വീണവരുടെ മുകളിലൂടെയാണ് പോകുന്നതെന്ന് കുട്ടികൾക്ക് മനസ്സിലായില്ല', ദൃക്സാക്ഷി പറയുന്നു
കളമശ്ശേരി: മഴ വന്നതോടെ ഓപ്പൺ ഓഡിറ്റോറിയത്തിലേക്കുണ്ടായ തള്ളിക്കയറ്റമാണ് കുസാറ്റിലെ അപകട കാരണമെന്ന് ദൃക്സാക്ഷികളായ ആളുകൾ. ഹാളിൽ നിന്ന് പുറത്തേക്ക് പോകാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുളളുവെന്നും വീണ കുട്ടികളുടെ മുകളിലൂടെയാണ് മറ്റുളളവർ പോയതെന്നും അപകട സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.
അപകട സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷിയായ ആളുടെ വാക്കുകൾ ഇങ്ങനെ: ''
അപകടം നടന്ന ഹാളിലേക്ക് കടക്കുന്നതിനുളള ഒരു ഗേറ്റ് മാത്രമാണ് ഉളളത്. എന്തെങ്കിലും അപകടം നടന്നാല്‍ പുറത്തേക്ക് പോകാനുളള എക്‌സിറ്റ് സംവിധാനം ഇല്ല. ഹാള്‍ നിറയെ കുട്ടികള്‍ ആയിരുന്നു. ആ സമയത്ത് പെട്ടെന്നൊരു മഴ വന്നു. ഐഡി കാര്‍ഡ് ചെക്ക് ചെയ്ത് കയറ്റാനുളള ശ്രമത്തിനിടെയാണ് തള്ളിക്കയറ്റം ഉണ്ടായിരിക്കുന്നത്.

തള്ളിക്കയറ്റം ഉണ്ടായപ്പോള്‍ വീണ ആളുകളുടെ മുകളിലൂടെയാണ് പോകുന്നത് എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അത്രയ്ക്ക് തിരക്കുണ്ടായിരുന്നു. കുട്ടികള്‍ക്ക് പുറത്തേക്ക് പോകാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എല്ലാവരും ഒരുമിച്ച് വന്നതാണ് അപകടമുണ്ടാക്കിയത്. പരിപാടി സംഘടിപ്പിച്ചതില്‍ വീഴ്ച വന്നിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ക്യാമ്പസ്സിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന സംഗീത പരിപാടി കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മഴ പെയ്തതോടെ കുട്ടികളും പുറത്ത് നിന്നുളളവരും അടക്കം ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയതാണ് അപകട കാരണം. ആളുകള്‍ തള്ളിക്കയറിയതോടെ പടികളില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ താഴേക്ക് വീഴുകയും ഇവരുടെ മുകളിലേക്ക് മറ്റുളളവര്‍ വീഴുകയുമായിരുന്നു.
മഴ പെയ്തപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റമാണ് ദുരന്തത്തിന് കാരണമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. പുറത്ത് രണ്ട് സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. പോലീസിനെ അറിയിച്ച് കൊണ്ട് നടത്തിയ പരിപാടി അല്ലായിരുന്നു ഇതെന്നാണ് വിവരം. കുസാറ്റിലെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസത്തിന്റെ ഭാഗമായിട്ടായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്.












Click it and Unblock the Notifications