'നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്';അനുശോചിച്ച് കെകെ രമ
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് ആർഎംപി നേതാവ് കെകെ രമ. പ്രാണനിൽ ഇരുട്ട് പടർന്ന് നിസഹായയായി നിന്നപ്പോൾ ആശ്വാസത്തിന്റെ
കരസ്പര്‍ശമായിരുന്ന സഖാവാണ് വിഎസ് എന്ന് കെകെ രമ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-' 'പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്. അന്ത്യാഭിവാദ്യങ്ങൾ'.

കെകെ രമയുടെ ഭർത്താവും ആർഎംപി നേതാവുമായ ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പാർട്ടി എതിർപ്പുകളെല്ലാം അവഗണിച്ച് രമയേയും കുടുംബത്തേയും ആശ്വസിപ്പിക്കാൻ വിഎസ് എത്തിയിരുന്നു. അന്ന് രമ വിഎസിന്റെ കൈപിടിച്ച് തേങ്ങിക്കരയുടെ രമയുടെ ചിത്രം ഇന്നും നോവാണ്. അതേ ചിത്രമാണ് പോസ്റ്റിനൊപ്പം അനുശോചന പോസ്റ്റിനൊപ്പം രമ പങ്കിട്ടത്.
നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിവസമായിരുന്നു വിഎസ് രമയെ കാണാൻ പോയത്. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തെ സന്ദർശനം ഒഴിവാക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ വിഎസ് തയ്യാറായിരുന്നില്ല.വിലക്ക് ലംഘിച്ച് ടിപിയുടെ ഭാര്യ കെകെ രമയെ സന്ദര്‍ശിക്കനായി അദ്ദേഹം വീട്ടിലെത്തിയ നടപടി കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. അന്ന് പാർട്ടിക്കെതിരെ തിരിഞ്ഞതിന് കടുത്ത നടപടിക്ക് നേതൃത്വം ഒരുങ്ങിയെങ്കിലും പിന്നീട് നടപടി ശാസനയിൽ ഒതുക്കുകയായിരുന്നു.
അതേസമയം വിഎസിന്റെ മരണത്തിൽ അനുശോചന പ്രവാഹമാണ്. നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ
വിഡി സതീശൻ-'തോല്‍വിയിലും ജയിക്കുന്ന, എപ്പോഴും പ്രതിപക്ഷ സ്വരമുള്ള ഒറ്റയാന്‍ വി.എസിന് വിട'
രാജീവ് ചന്ദ്രശേഖർ- മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി. എസ്. അച്യുതാനന്ദൻ്റെ മരണത്തിൽ അനുശോചിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട്, പാർട്ടിക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവായിരുന്നു വി.എസ്.
വി.എസ്. അച്യുതാനന്ദൻ്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ മുഖം നോക്കാതെ ഇടപെട്ട അദ്ദേഹം ഭൂമാഫിയകൾക്കെതിരെയടക്കം സ്വീകരിച്ച നിലപാടുകൾ എക്കാലത്തും ഓർമ്മിക്കപ്പെടും. കേരളത്തിൽ മതതീവ്രവാദ സംഘടനകൾ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറയാൻ ധൈര്യം കാണിച്ച ആദ്യ നേതാവ് കൂടിയായിരുന്നു അദ്ദേഹം.
ചികിത്സയിൽ തുടരവെ, കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി മകൻ അരുൺകുമാറിനെ കണ്ട് വി.എസിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കിയിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഓം ശാന്തി
രമേശ് ചെന്നിത്തല- കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍. പ്രിയ വി.എസിന് വിട!
വിടി ബൽറാം-അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്ചുതാനന്ദന് ആദരാഞ്ജലികൾ. ഇത്രയേറെ നീണ്ട പൊതുജീവിതം അധികമാർക്കും ഉണ്ടായിക്കാണില്ല. യോജിപ്പിന്റേയും വിയോജിപ്പിന്റേയും നിരവധി സാധ്യതകളാണ് അക്കാലമത്രയും അദ്ദേഹം കേരളത്തിന് മുൻപിൽ തുറന്നുവച്ചത്.
ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ വികാരവും മനസ്സാക്ഷിയുമായിരുന്നു വി.എസ്. എന്നതിൽ സംശയമില്ല. "വീര സഖാവേ വിഎസ്സേ" എന്ന് അദ്ദേഹത്തിന്റെ അണികളും ആരാധകരും ആത്മാർത്ഥതയോടെ ചങ്ക് പൊട്ടി വിളിക്കുന്നത് കേട്ടപ്പോൾ രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ആ നേതാവിനോട് ഒരൽപ്പം ആകർഷണം തോന്നിയിട്ടുണ്ട് എന്നത് മറച്ചുവക്കുന്നില്ല.
അദ്ദേഹത്തോടൊപ്പം പത്ത് വർഷം നിയമസഭാംഗമായിരിക്കാൻ അവസരമുണ്ടായത് എന്നെ സംബന്ധിച്ചിടത്തോളം എന്നും സ്മരണീയമാണ്. ഒരേ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ എന്ന നിലയിൽ നിയമസഭക്ക് പുറത്തും ചിലയിടങ്ങളിൽ ഒരുമിച്ചുണ്ടാവാൻ അവസരമുണ്ടായിട്ടുണ്ട്. പുറമേ കാർക്കശ്യക്കാരനെങ്കിലും സ്നേഹ സൗഹൃദഭാവത്തിലുള്ള ഇടപെടലുകൾ തന്നെയാണ് കൂടുതലും ഓർമ്മയിലുള്ളത്.
വി.എസിന്റെ പല രാഷ്ട്രീയ നിലപാടുകളോടും പ്രവർത്തന ശൈലികളോടും വിയോജിപ്പ് തോന്നിയിട്ടുണ്ട്. പാർട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളെ അദ്ദേഹം നേരിട്ട രീതികളും സവിശേഷമായിരുന്നല്ലോ. ഇടപെട്ട പല വിഷയങ്ങളിലും അദ്ദേഹത്തിന് സ്വാർത്ഥ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന വിമർശനമുണ്ട്. എന്നാൽ അത്തരം മിക്ക അവസരങ്ങളിലും കേരളീയ പൊതുസമൂഹത്തെ തന്റെ കൂടെ നിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞു എന്നത് നിസ്സാരമല്ല.
ഒരു രാഷ്ട്രീയ യുഗം അവസാനിക്കുകയാണ്. ആദരണീയനായ വി.എസിന് വിട.












Click it and Unblock the Notifications