ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി; ഡിവൈഎഫ്‌ഐ വിഷയത്തെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നു: പികെ ഫിറോസ്
മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, തന്റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടാകുമെന്നും എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കെതിരെ എഴുതുന്നവരെ പിടിച്ചാല്‍ മതിയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ആനക്കയത്ത് ഒരു പരിപാടിയില്‍ സംസാരിക്കെയാണ് തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തി
വഖഫ് വിഷയത്തില്‍ മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി പള്ളികളിലെ പ്രതിഷേധത്തിന് തീരുമാനിച്ചിരുന്നെങ്കിലും ജിഫ്രി തങ്ങള്‍ വേണ്ടെന്ന് പറഞ്ഞതോടെ സമസ്ത പിന്‍മാറുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ജിഫ്രി തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ വലിയ പ്രതിഷേധം ഒരു വിഭാഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് വധ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.
എന്നാല്‍ ഇപ്പോഴിതാ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധഭീഷണി കോള്‍ വന്നുവെന്നത് ഗൗരവത്തോടെയാണ് കാണേണ്ടതെന്നും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഭീഷണി മുഴക്കിയ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികരിച്ച ഡിവൈഎഫ്‌ഐ നേതൃത്വത്തെയും പികെ ഫിറോസ് തള്ളി.
ഭരണ കക്ഷിയുടെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ വധഭീഷണി വിഷയത്തെ വഴി തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിന് നല്‍കില്ലെങ്കിലും ബാക്കി എല്ലാ അട്ടിപ്പേറവകാശവും ലീഗിന് നല്‍കാന്‍ മത്സരിക്കുകയാണ് ഇക്കൂട്ടര്‍.
മനോനില നഷ്ടപ്പെട്ട ആരോ തയ്യാറാക്കിയ കുറിപ്പാണ് ഡി.വൈ.എഫ്.ഐയുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പികെ ഫിറോസ് പറഞ്ഞു. ഫിറോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം . .
കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ അദ്ധ്യക്ഷനാണ് ബഹുമാനപ്പെട്ട ജിഫ്രി മുത്തുക്കോയ തങ്ങള്‍. അദ്ദേഹത്തിനെതിരെ വധഭീഷണി കോള്‍ വന്നുവെന്നത് ഗൗരവത്തോടെയാണ് കാണേണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഭീഷണി മുഴക്കിയ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരണം.
അതേ സമയം, ഭരണ കക്ഷിയുടെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ വധഭീഷണി വിഷയത്തെ വഴി തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിന് നല്‍കില്ലെങ്കിലും ബാക്കി എല്ലാ അട്ടിപ്പേറവകാശവും ലീഗിന് നല്‍കാന്‍ മത്സരിക്കുകയാണ് ഇക്കൂട്ടര്‍.
മനോനില നഷ്ടപ്പെട്ട ആരോ തയ്യാറാക്കിയ കുറിപ്പാണ് ഡി. വൈ .എഫ് .ഐയുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അത് പുറത്തുവിട്ടത് സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ തന്നെയാണോ എന്നവര്‍ വ്യക്തമാക്കണം .
ആട്ടിന്‍ കുട്ടികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാമെന്ന ചെന്നായയുടെ ബുദ്ധി ഉപയോഗിച്ചതാണെങ്കില്‍ അതൊക്കെ തിരിച്ചറിയാനുള്ള വിവേകം ഇന്നാട്ടിലെ മനുഷ്യര്‍ക്കുണ്ട് എന്ന് ഡി. വൈ .എഫ് .ഐ മനസ്സിലാക്കണം. വഖഫ് സംരക്ഷണ റാലിയുടെ മഹാ വിജയത്തിന് ശേഷം കലി പൂണ്ട സി.പി.എം ലീഗിനെ എത്ര ചൊറിഞ്ഞിട്ടും അസുഖം മാറാത്തത് ചൊറിച്ചില്‍ സ്വന്തം ദേഹത്തായത് കൊണ്ടാണ്. ഈ അസുഖം ഡി.വൈ.എഫ്.ഐക്കും പിടിപെട്ടത് സ്വാഭാവികമാണ്.
നാളെ മറ്റ് വര്‍ഗബഹുജന സംഘടനകള്‍ക്കും പിടിപെടുമെന്ന കാര്യം ഉറപ്പാണ്. നിങ്ങള്‍ പരസ്പരം രോഗ ശമനത്തിന് ഉപായം കണ്ടെത്തുകയാണ് വേണ്ടത്. എപ്‌സം അഥവാ ഇന്തുപ്പ് നല്ലതാണെന്ന് കാര്‍ന്നോര്‍മാര്‍ പറയാറുണ്ട്. സത്യമാണോന്ന് ഉപയോഗിച്ച് നോക്കിയിട്ട് പറയൂ. അല്ലാതെ ലീഗിന്റെ മേക്കിട്ട് കയറിയിട്ട് ഒരു കാര്യവുമില്ല- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കേരളത്തിലെ മുസ്ലിം മത പണ്ഡിതരില്‍ പ്രധാനിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
സമീപ കാലങ്ങളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ജമാ അത്തെ ഇസ്ലാമി വല്‍ക്കരണത്തെ സമുദായത്തിനുള്ളില്‍ തുറന്നെതിര്‍ത്ത സുന്നി മത പണ്ഡിതരില്‍ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏറ്റവുമൊടുവില്‍ വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ വര്‍ഗ്ഗീയ പ്രചരണം ഏറ്റെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച മുസ്ലീം ലീഗിന്റെ ശ്രമങ്ങളുടെ മുനയൊടിച്ച പ്രസ്താവനകളാണ് ജിഫ്രി തങ്ങളില്‍ നിന്നുണ്ടായത്. മത രാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമിയുമൊത്ത് ചേര്‍ന്ന് കേരളത്തിലെ മതനിരപേക്ഷ വാദികളായ പാരമ്പര്യ മുസ്ലീങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ലീഗ് ശ്രമങ്ങളില്‍ പരസ്യമായ അസ്വസ്ഥത പ്രകടിപ്പിച്ച ജിഫ്രി തങ്ങള്‍ തനിക്ക് നേരെയുണ്ടായ അസഭ്യ വര്‍ഷത്തേയും പരിഹാസങ്ങളേയും കുറിച്ച് മുന്നേ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അവിടെ നിന്ന് ഒരു പടി കൂടി കടന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന് നേരെയുള്ള വധ ഭീഷണി.
തങ്ങളുടെ ആജ്ഞാനുവര്‍ത്തിയായ നില്‍ക്കാത്ത ഏത് മത സംഘടനയ്ക്കും പണ്ഡിതര്‍ക്കും നേരെയും ആയുധമെടുക്കാന്‍ മടിക്കില്ലെന്ന സന്ദേശമാണ് മുസ്ലീം ലീഗ് ഇതിലൂടെ നല്‍കുന്നത്. മുസ്ലീം ലീഗ് രാഷ്ട്രീയത്തോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഇ.കെ വിഭാഗം സമസ്ത പണ്ഡിതന്മാരുടെ അധ്യക്ഷന് തന്നെ ലീഗിന്റെ വര്‍ഗ്ഗീയ നിലപാടുകളോടുള്ള ചെറിയൊരു വിമര്‍ശനത്തില്‍ തന്നെ വധ ഭീഷണി ലഭിക്കുന്നത് കേരളത്തിലെ മുസ്ലിം പണ്ഡിത സമൂഹവും പൊതു സമൂഹവും ഗൗരവത്തോടെ കാണണം.
ആരാധനാലങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള ലീഗിന്റെ തീരുമാനത്തെ ശരിയായ നിലപാടിലൂടെ തകര്‍ത്തത് ജിഫ്രി തങ്ങള്‍ ആയിരുന്നു. മതവിശ്വാസികളെ വര്‍ഗ്ഗീയവല്‍ക്കരിച് നാടിനെ കലാപത്തിലേക്ക് തള്ളിവിട്ട് അരക്ഷിതാവസ്ഥ തീര്‍ക്കുക എന്ന അജണ്ടയാണ് അദ്ദേഹം ഇല്ലാതാക്കിയത്.
മത രാഷ്ട്രീയവാദികളായ വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്ന് സങ്കുചിത താല്പര്യം നടത്തിയെടുക്കാന്‍ ശ്രമിക്കുന്ന മുസ്ലീം ലീഗിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന മത പണ്ഡിതര്‍ക്ക് നേരെ പോലുമുള്ള ഭീഷണികളെ ഡി.വൈ.എഫ്.ഐ ഗൗരവത്തോടെ കാണുന്നു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെയുണ്ടായ വധ ഭീഷണിയെ ഡി .വൈ .എഫ്. ഐ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു .