ദീപകിന്റെ മരണം; യുവതി കുടുങ്ങുമോ, കടുത്ത പ്രതിഷേധം, പരാതി നല്‍കി രാഹുല്‍ ഈശ്വര്‍
കോഴിക്കോട്: ബസില്‍ ലൈംഗിക അതിക്രമം നടന്നു എന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് മീഞ്ചന്ത ഗോവിന്ദപുരത്തെ ദീപക് ആണ് മരിച്ചത്. ഇതോടെ യുവതിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. രാഹുല്‍ ഈശ്വര്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി.
യുവതി അവ്യക്തമായ വീഡിയോ ചിത്രീകരിച്ച് വൈറലാക്കാന്‍ ശ്രമിക്കുകയല്ല, നിയമപരമായി നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന് വ്‌ളോഗര്‍ സായ് കൃഷ്ണ പ്രതികരിച്ചു. പുരുഷന്മാര്‍ക്ക് ബസില്‍ പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായി എന്ന പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. അതേസമയം, മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

വെള്ളിയാഴ്ചയാണ് ബസില്‍ നിന്നുള്ള വീഡിയോ യുവതി ചിത്രീകരിച്ചത്. സെയില്‍സ്മാന്‍ ആയി ജോലി ചെയ്യുകയാണ് ദീപക്. ജോലി ആവശ്യാര്‍ഥമുള്ള യാത്രയ്ക്കിടെയാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. മോശമായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നു എന്ന് വീഡിയോ പങ്കുവച്ച് യുവതി പറയുന്നു. ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ദീപക് മനോവിഷമത്തിലായിരുന്നു എന്ന് സുഹൃത്തുക്കള്‍ പ്രതികരിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ദീപക് ജീവനൊടുക്കിയത് എന്ന് പറയപ്പെടുന്നു. രാവിലെയാണ് വീട്ടുകാര്‍ അറിഞ്ഞത്. ദീപകിന്റെ കുടുംബം നിയമപരമായി നീങ്ങിയേക്കുമെന്നാണ് വിവരം. സംസ്‌കാര നടപടികളും മറ്റും കഴിഞ്ഞ ശേഷമാകുമിത്. യുവതി രണ്ട് വീഡിയോ ആണ് ഇതുസംബന്ധിച്ച് പുറത്തുവിട്ടത് എന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ പ്രചരിക്കുന്നതിലുള്ള വിഷമം ദീപക് പങ്കുവച്ചിരുന്നുവത്രെ.
രാഹുല്‍ ഈശ്വര്‍ നല്‍കിയ പരാതിയിലെ ആവശ്യം
ദീപകിന്റെ മരണത്തില്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി. യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. പോലീസ് നടപടികളുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ദീപകിന്റെ കുടുംബത്തിന് നിയമ സഹായവും സാമ്പത്തിക സഹായവും ഉറപ്പാക്കാന്‍ എല്ലാ നടപടികളും എടുക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. നാട്ടിലെത്തിയാല്‍ ദീപകിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. ദീപകിന്റെ കുടുംബത്തെ സഹായിക്കണം. ആരെങ്കിലും വീഡിയോ എടുത്ത് റീച്ചിന് വേണ്ടി ശ്രമിക്കുമ്പോള്‍ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകരുത് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.












Click it and Unblock the Notifications