നോവായി നെവിൻ; മകന്റെ മരണവാർത്ത മാതാപിതാക്കൾ അറിഞ്ഞത് പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോൾ
കൊച്ചി: ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ച മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. ഇതിൽ ഒരാൾ മലയാളിയായ നെവിൻ ഡാൽവിനാണ്. നെവിന്റെ മരണ വിവരം മാതാപിതാക്കൾ അറിയുന്നത് പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോഴാണ്.
മലയാറ്റൂർ മുടങ്ങാമറ്റം സ്വദേശികളായ നെവിന്റെ അച്ഛനും അമ്മയും ഞായാറാഴ്ച പ്രാർത്ഥനയ്ക്കായി ആലുവയിലെ പള്ളിയിൽ എത്തിയപ്പോഴാണ് മകന് അപകടം സംഭവിച്ച വിവരം അറിയുന്നത്.മകന്റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ആരോഗ്യപ്രശ്നം നേരിട്ട ഇരുവരേയും അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

തിരുവനന്തപുരം സ്വദേശികളായ നെവിന്റെ കുടുംബം പത്ത് വർഷം മുമ്പ് മലയാറ്റൂരിൽ വസ്തു വാങ്ങി വീട് വെച്ച് താമസിക്കുകയാണ്. കാലടി സർവകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്യാപികയാണ് നെവിന്റെ അമ്മയ. അച്ഛൻ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. നെവിന് ഒരു സഹോദരിയുണ്ട്.
ജെ എൻ യുവിൽ എം ഫിൽ വിദ്യാർത്ഥിയായിരുന്നു നെവിൻ. സിവിൽ സർവീസ് കോച്ചിംഗിന് വേണ്ടി ഡൽഹിയിൽ തന്നെ തുടരുകയായിരുന്നു.
നെവിന് പുറമെ തെലങ്കാന സ്വദേശി തനിയ സോണി, ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരും ദുരന്തത്തിൽ മരണപ്പെട്ടിരുന്നു.
വെസ്റ്റ് ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെൻ്റിൽ വെള്ളം കയറി മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. നാല് മണിക്കൂറോളം വിദ്യാർത്ഥികൾ കുടുങ്ങിയതായാണ് റിപ്പോർട്ട്. രാജേന്ദ്ര നഗറിലെ റാവുസ് ഐ എ എസ് സ്റ്റഡി സർക്കിളിൽ ശനിയാഴ്ച വൈകുന്നേരമാണ് ബേസ്‌മെൻ്റിലേക്ക് വെള്ളം കയറിയത്.
ഏഴടിയോളം ഉയരത്തിൽ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. കനത്ത മഴയിൽ റാവുസ് ഐ എ എസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറുകയായിരുന്നു. സമീപത്തെ അഴുക്കുചാല് പൊട്ടി ബേസ്‌മെൻ്റിലേക്ക് വെള്ളം കയറാൻ ഇടയാക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. 50 പേർക്ക് ഇരിക്കാൻ കഴിയുന്ന ലൈബ്രറിയാണ് ബേസ്മെന്റിലുണ്ടായിരുന്നത്.
അതേ സമയം, സംഭവത്തിൽ കെട്ടിട ഉടമയെയും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോർഡിനേറ്ററെയും കസ്റ്റഡയിൽ എടുത്തു. ഞായറാഴ്ച രാവിലെയാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചത്. രജീന്ദർ നഗർ പോലീസ് സ്‌റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഡി സി പി സൂചിപ്പിച്ചു. കോച്ചിംഗ് സെൻ്റർ, ബിൽഡിംഗ് മാനേജ്‌മെൻ്റ്, പ്രദേശത്തെ ഡ്രെയിനേജ് സിസ്റ്റം കൈകാര്യം ചെയ്യുന്നവർ എന്നിവർക്കെതിരെയുള്ള കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications