കേന്ദ്രത്തിനെതിരായ ഡല്‍ഹി സമരം: സ്റ്റാലിനെ ക്ഷണിച്ച് കേരള സര്‍ക്കാര്‍, പിണറായിയുടെ കത്ത് കൈമാറി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹി സമരത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും ഔദ്യോഗികമായി ക്ഷണിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണക്കത്ത് സ്റ്റാലിന് മന്ത്രി പി രാജീവ് കൈമാറി. ചെന്നൈയിലെ സ്റ്റാലിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് കത്ത് കൈമാറിയത്.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു, പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ഉന്നയിച്ച് കൊണ്ട് ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ ജനകീയ പ്രതിരോധ നടത്തുന്നത്. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം ജനകീയ സമരത്തിന്റെ ഭാഗമാകും. അതേസമയം സാമ്പത്തികമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര നയം എതിര്‍ക്കപ്പെടേണ്ടതാണെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.

രാജീവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ സ്റ്റാലിന്‍ തന്റെ പ്രതികരണം അറിയിച്ചത്. കേന്ദ്രത്തില്‍ നിന്നടക്കം കൃത്യമായ വിഹിതം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് നേരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ആരോപിച്ചിരുന്നു. എന്നാല്‍ കേരളത്തിന് നല്‍കാനുള്ള വിഹിതമെല്ലാം നല്‍കിയതാണെന്നും, കൃത്യമായ രേഖകള്‍ കേരളം ഹാജരാക്കുന്നില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരോപിച്ചിരുന്നു.
അതേസമയം കേരളം കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ വിശദാംശങ്ങള്‍ സ്റ്റാലിനെ രാജീവ് ധരിപ്പിച്ചു.സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ട വിഹിതം തടഞ്ഞുവെക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. പദ്ധതി വിഹിതവും നികുതിവിഹിതവും റവന്യൂ കമ്മി കുറക്കുന്നതിനുള്ള സഹായവും ജി.എസ്.ടി നഷ്ടപരിഹാരമുള്‍പ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനമാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഒപ്പം വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു. കേരളത്തിന് പുറമെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.ഈ ഘട്ടത്തില്‍ കേരളത്തിന്റെ പ്രതിഷേധത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തമിഴ്‌നാട് ധനകാര്യ വകുപ്പ് മന്ത്രി തങ്കം തെന്നരസ്, തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികള്‍ ജന്തര്‍മന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എം എല്‍ എമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications