'മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ അവരത് അറിഞ്ഞുകൊള്ളണമെന്നില്ല'; ധ്യാനിന് പിന്തുണ
കൊച്ചി: പിതാവ് ശ്രീനിവാസൻ്റെ വിയോഗത്തിൽ നെഞ്ച് പൊട്ടി നിൽക്കുമ്പോഴും നടൻ ധ്യാനിന് നേരെ കടുത്ത സൈബർ ആക്രമണം. ശ്രീനിവാസന്‍റെ ഭൗതിക ശരിരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ തൊട്ടടുത്തിരുന്ന ധ്യാൻ എഴുന്നേറ്റില്ലെന്ന് ആരോപിച്ചാണ് സൈബർ അധിക്ഷേപം. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി എത്തിയപ്പോഴും എഴുന്നേൽക്കാൻ ധ്യാൻ തയ്യാറാവാത്തത് ശരിയായില്ലെന്നാണ് ചിലരുടെ കുറ്റപ്പെടുത്തൽ. രാഷ്ട്രീയം നോക്കണ്ട പ്രായത്തെ മാനിച്ചെങ്കിലും ഒന്ന് എഴുന്നേല്‍ക്കാമായിരുന്നു, എഴുന്നേറ്റില്ലെങ്കിലും അദ്ദേഹം തോളിൽ കൈവെച്ചപ്പോൾ തിരിച്ചൊന്ന് മുഖ്യമന്ത്രിയുടെ കൈയ്യിഷ തൊടാമായിരുന്നു ഇങ്ങനെ പോകുന്നു വിമർശനങ്ങൾ.
ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷൈലജ പി അമ്പു. മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, അമേരിക്കൻ പ്രസിഡൻ്റ് തന്നെയോ
മുന്നിൽ വന്ന് നിന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ലെന്ന് അവർ കുറിച്ചു. പുരുഷത്വത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ രണ്ട് സെലിബ്രിറ്റി ആണുങ്ങൾ സ്വന്തം അച്ഛനു മുന്നിൽ നിന്ന് പൊട്ടികരഞ്ഞു. ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്',ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു. അവരുടെ കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

'മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, അമേരിക്കൻ പ്രസിഡൻ്റ് തന്നെയോ
മുന്നിൽ വന്ന് നിന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ജീവിതത്തോട് ചേർന്നു നിന്ന മനുഷ്യരെ അവർ കെട്ടിപ്പിടിക്കും പൊട്ടിക്കരയും. അതാണ് അവർ സത്യൻ അന്തിക്കാടിനോടൊപ്പം നിൽക്കുമ്പോൾ കണ്ടത്.
പുരുഷത്വത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ രണ്ട് സെലിബ്രിറ്റി ആണുങ്ങൾ സ്വന്തം അച്ഛനു മുന്നിൽ നിന്ന് പൊട്ടികരയുന്നു. അയ്യേ ആണുങ്ങൾ കരയുമോ ? ആണുങ്ങൾ കരയും. മനുഷ്യർ ഇങ്ങനെയാണ്. ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്', പോസ്റ്റിൽ പറഞ്ഞു.
അതേസമയം ഇത്തരത്തിലുള്ള വിമർശനങ്ങളെ പരിഹസിച്ച് കോൺഗ്രസ് വക്താവ് അഡ്വ വസന്ത് സിറിയക്ക് തെങ്ങുംപള്ളിയും രംഗതെത്തി. ധ്യാൻ പിന്നെ അങ്ങനെയാണന്ന് വെക്കാം. പക്ഷെ ശ്രീനിവാസന് മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഒന്ന് നിന്ന് എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചിട്ട് വീണ്ടും കിടന്നാൽ പോരായിരുന്നോ?ഒന്നുമില്ലേലും പ്രായമായ മനുഷ്യനല്ലേ ? എന്നുമാണ് വസന്തിന്റെ വാക്കുകൾ.
ശനിയാഴ്ച രാവിലെയാണ് മലയാളിയുടെ പ്രിയപ്പെട്ട ശ്രീനി വിടപറഞ്ഞത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യം വഷളാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.












Click it and Unblock the Notifications