കൊച്ചിയിലും സച്ചിന്‍ സ്റ്റാന്‍ഡ് തുറന്നു
കൊച്ചി: കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷേ കലൂര്‍ പഴയ കലൂരല്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമായ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ സ്റ്റാന്‍ഡുള്ള കിടുകിടുക്കന്‍ സ്റ്റേഡിയമാണിത്. വലിപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റേത് ഗ്രൗണ്ടിനോടും കിടപിടിക്കുന്ന കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് ബുധനാഴ്ച മുതല്‍ സച്ചിന്റെ പേരില്‍ ഒരു സ്റ്റാന്‍ഡുമുണ്ടാകും.
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള വി ഐ പി സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്. നിലവില്‍ ഉണ്ടായിരുന്ന വി ഐ പി പവിലിയന്‍ നവീകരിച്ച ശേഷം സച്ചിന്റെ പേര് നല്‍കി വീണ്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു. സച്ചിന്റെ ക്രിക്കറ്റ് സ്മരണകള്‍ കോര്‍ത്തിണക്കി പ്രദര്‍ശനവും നടക്കുന്നുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി സച്ചിന്‍ നാല് തവണ കൊച്ചിയിലെത്തിയിട്ടുണ്ട്. സച്ചിന്‍ എന്ന ബാറ്റ്‌സ്മാനെയല്ല, സച്ചിനെന്ന ലെഗ് സ്പിന്‍ ബൗളറെയാണ് കൊച്ചിയിലെ പിച്ചിന് ഏറെയിഷ്ടം. ഏകദിനത്തില്‍ സച്ചിന്റെ മികച്ച പ്രകടനമായ 32 ന് അഞ്ച് വിക്കറ്റ് കൊച്ചിയിലാണ്. 1998 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു സച്ചിന്‍ ആദ്യമായി അഞ്ച് വിക്കറ്റുകള്‍ കറക്കി വീഴ്ത്തിയത്.
പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി സച്ചിന്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചു. പത്തോവറില്‍ അമ്പത് റണ്‍സ് വഴങ്ങിയായിരുന്നു ഇത്തവണ സച്ചിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. കൊച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നാണ് അന്ന് മലയാള പത്രങ്ങള്‍ പ്രിയതാരത്തെ ഓമനേപ്പരിട്ട് വിളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനോടുള്ള ആരാധനാ സൂചകമായാണ് വി ഐ പി പവലിയന് സച്ചിന്റെ പേരിടുന്നത്.












Click it and Unblock the Notifications