ബിജെപി സീറ്റ് കൊടുക്കുമോ? നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതില്‍ അപര്‍ണ ബാലമുരളി പ്രതികരിക്കുന്നു
കൊച്ചി: ബിജെപിയുടെ യുവം പരിപാടിയില്‍ നടി അപര്‍ണ ബാലമുരളിയും നവ്യ നായരുമെല്ലാം പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ മോദിക്കൊപ്പം വേദിയില്‍ ഉണ്ണി മുകന്ദനുള്‍പ്പെടെ എത്തുകയും ചെയ്തു. സമീപ കാലത്ത് ജനകീയ മുഖങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ വിജയമായിട്ടാണ് ഇത് ചര്‍ച്ചയായത്.
മോദിക്കൊപ്പം വേദി പങ്കിട്ട സെലിബ്രിറ്റികള്‍ക്ക് വലിയ ഓഫറുകള്‍ കിട്ടിയിട്ടുണ്ടാകുമെന്നായിരുന്നു ആക്ഷേപം. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന ഉറപ്പ് ലഭിച്ചിരിക്കാം, പുരസ്‌കാരം കിട്ടാന്‍ വേണ്ടിയാണ്, എല്ലാ താരങ്ങളും മനസിലിരിപ്പ് തുറന്നുകാണിക്കാന്‍ തുടങ്ങി... പലവിധ ആക്ഷേപങ്ങളും ഇതോടൊപ്പം ഉയര്‍ന്നു. വിഷയത്തില്‍ അപര്‍ണ ബാലമുരളി പ്രതികരിച്ചിരിക്കുകയാണിപ്പോള്‍.

27കാരിയായ എനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ അവസരം കിട്ടുക എന്നത് വലിയ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നതെന്ന് അപര്‍ണ പറയുന്നു. എന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് അവസരം ലഭിച്ചതെങ്കില്‍ അവരും പോകുമെന്ന് കരുതുന്നു. ആദ്യം ഞാന്‍ ഈ വിമര്‍ശനങ്ങള്‍ അറിഞ്ഞിരുന്നില്ല. പിന്നെ പലരും പറഞ്ഞറിഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ പറ്റി എന്നതാണ് ഞാന്‍ കാണുന്ന വലിയ കാര്യമെന്നും അപര്‍ണ പ്രതികരിക്കുന്നു.
ഒന്നില്‍ കൂടുതല്‍ തവണ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. അപ്പോഴൊന്നും ആരും വിമര്‍ശിച്ചിട്ടില്ല. ഞാന്‍ ആ പാര്‍ട്ടിയിലാണോ എന്ന് ആരും എന്നോട് അന്ന് ചോദിച്ചിട്ടില്ല. ഈ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മാത്രം ചോദ്യം വന്നു. അതാണ് എനിക്ക് മനസിലാകാത്തതെന്നും അപര്‍ണ ബാലരമുരളി ബിഹൈഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
മുപ്പത് വയസിനകം ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം, കേരള മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ സാധിക്കുക എന്നത് വലിയ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അടുത്ത തലമുറയോട് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ അഭിമാനത്തോടെ എനിക്ക് കാണിക്കാന്‍ പറ്റുന്നതാണിതെല്ലാം. അതില്‍ രാഷ്ട്രീയമില്ല. പറയുന്നവര്‍ക്ക് എന്തുമാകാലോ എന്നും അപര്‍ണ പറയുന്നു.
മോദിക്കൊപ്പം വേദി പങ്കിട്ടത്തില്‍ വലിയ ആക്ഷേപം നേരിട്ട നടിയാണ് നവ്യനായര്‍. അവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് നവ്യ പ്രതികരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതില്‍ അഭിമാനം എന്ന ഒറ്റവരി കുറിപ്പും നവ്യ പങ്കുവച്ചു. ഇതിന് ശേഷമാണ് അപര്‍ണയുടെ പ്രതികരണം വന്നിരിക്കുന്നത്.
ലോ കോളജ് വിഷയത്തിലും അപര്‍ണ പ്രതികരിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകനായത് കൊണ്ടാണ് നടി അങ്ങനെ പ്രതികരിച്ചത് എന്ന വിമര്‍ശനത്തില്‍ കാര്യമില്ല. ആര് തോളില്‍ കയ്യിട്ടാലും ഇങ്ങനെ തന്നെ പ്രതികരിക്കും. അത് പാര്‍ട്ടി നോക്കിയിട്ടല്ല. മ്യൂച്ചല്‍ റസ്‌പെക്ട്‌സാണ് വലുത്. കൈപിടിച്ച് വലിച്ച്, തോളില്‍ കൈയ്യിടുന്നയാളോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അപര്‍ണ പറഞ്ഞു.
സിനിമാ മേഖലയിലെ വേതന വിഷയത്തിലും അപര്‍ണ പ്രതികരിച്ചു. കാപ്പ ഉള്‍പ്പെടെ താന്‍ ചെയ്ത സിനിമകളിലെ നിര്‍മാതാക്കളുമായി നല്ല ആരോഗ്യകരമായ ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നടന്നത്. തുല്യവേതനം മാത്രമല്ല, റസ്‌പെക്ടും വാല്യുവും വേണം. അതുപോലും കിട്ടാത്ത അവസരങ്ങളുണ്ട്. താരമൂല്യം പോട്ടെ, മനുഷ്യര്‍ക്ക് കിട്ടുന്ന പരിഗണന പോലും കിട്ടാത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അപര്‍ണ വിശദീകരിച്ചു.












Click it and Unblock the Notifications