പിണറായി വിജയന് സ്തുതി ഗാനം പാടുന്നവരെ മാത്രമാണോ എഴുത്തുകാരായി സിപിഎം അംഗീകരിച്ചത്; പിസി വിഷ്ണുനാഥ്
തിരുവനന്തപുരം; കെ റെയിലിനെ വിമര്‍ശിച്ച് കവിതയെഴുതിയ എഴുത്തുകാരൻ റഫീഖ് അഹമ്മദിനെതിരെ കടുത്ത സൈബർ ആക്രമണമായിരുന്നു നടന്നത്. 'എങ്ങോട്ട് പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തുടക്കത്തിൽ' എന്ന് തുടങ്ങുന്നതാണ് കവിത. ഇപ്പോഴിതാ എഴുത്തുകാരനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് പിസി വിഷ്ണുനാഥ്.

അക്കാദമികളോ പ്രലോഭിപ്പിക്കാത്ത സത്യസന്ധരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റവും ദുരിതം അനുഭവിക്കുന്ന മനുഷ്യനോടൊപ്പം നില്‍ക്കും. അതുമൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.പ്രിയ കവി റഫീക്ക് അഹമ്മദും അത്രയേ ചെയ്തിട്ടുള്ളൂവെന്ന് വിഷ്ണുനാഥ് കുറിച്ചു. ഭീഷണിപ്പെടുത്തിയും സംഘപരിവാര്‍ ചെയ്യുന്നതുപോലെ കത്തികാട്ടിയും എഴുത്തുകാരെ നിശബ്ദരാക്കാമെന്നാണോ സിപിഎം കരുതുന്നതെന്നും കുറിപ്പിൽ വിഷ്ണുനാഥ് ചോദിച്ചു. പോസ്റ്റ് വായിക്കാം
ഏകാധിപത്യത്തിന്റെ കാലത്ത് വിഖ്യാതനായ മാക്‌സിം ഗോര്‍ക്കി എഴുത്തുകാരോട് ചോദിച്ചിരുന്നു: നിങ്ങള്‍ ഏത് ചേരിയിലാണ് നില്‍ക്കുന്നത്?
പ്രതിബദ്ധതയുള്ള എഴുത്തുകാരനെ സംബന്ധിച്ച് നില്‍ക്കാന്‍ ഒരു ചേരിയേ ഉള്ളൂ. അത് മനുഷ്യന്റെ, മാനവികതയുടെ പക്ഷമാണ്. കൊടി നിറങ്ങളോ, അക്കാദമികളോ പ്രലോഭിപ്പിക്കാത്ത സത്യസന്ധരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റവും ദുരിതം അനുഭവിക്കുന്ന മനുഷ്യനോടൊപ്പം നില്‍ക്കും. അതുമൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
പ്രിയ കവി റഫീക്ക് അഹമ്മദും അത്രയേ ചെയ്തിട്ടുള്ളൂ.
പതിനായിരക്കണക്കിന് മനുഷ്യരെ വഴിയാധാരമാക്കുന്ന, കിടപ്പാടങ്ങളും കൃഷിയിടങ്ങളും നഷ്ടപ്പെടുത്തുന്ന, ദശലക്ഷം കോടി സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന, പരിസ്ഥിതിയെ തകര്‍ക്കുന്ന ഒരു പദ്ധതിക്കെതിരെ നിലയുറപ്പിച്ചു; കവിതയെന്ന തന്റെ മാധ്യമത്തിലൂടെ പ്രതികരിച്ചു എന്നതാണോ റഫീക്ക് അഹമ്മദ് ചെയ്ത അപരാധം?
''എങ്ങോട്ട് പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍
തണ്ണീര്‍ത്തടങ്ങളെ പിന്നിട്ട്
തെങ്ങിന്‍ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും കുളങ്ങളും പിന്നിട്ട്
സഹ്യനെ കുത്തിമറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്....''
എന്ന് കെ-റെയില്‍ സംബന്ധിച്ച് മലയാളിയുടെ സകല ആകുലതകളും വരികളില്‍ ആവാഹിക്കുന്നുണ്ട് റഫീക്ക് അഹമ്മദ്. മലയാളി ചോദിക്കാന്‍ മനസ്സില്‍ക്കരുതിയ ചോദ്യങ്ങളാണ് ആ വരികളില്‍.
അധികാരത്തിന്റെ ശീതളച്ഛായയില്‍ അഭിരമിക്കുന്നവര്‍ അത് കേട്ടെന്നുവരില്ല. അവര്‍ക്കുവേണ്ടി കണ്ണടച്ച് ഭക്തിഗാനം ആലപിക്കുന്ന സൈബര്‍ ക്ഷുദ്രജീവികള്‍ റഫീക്ക് അഹമ്മദിനെതിരെ തിരിഞ്ഞത്, സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.
സര്‍ഗസൃഷ്ടിപോലെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യവും. ഭീഷണിപ്പെടുത്തിയും സംഘപരിവാര്‍ ചെയ്യുന്നതുപോലെ കത്തികാട്ടിയും എഴുത്തുകാരെ നിശബ്ദരാക്കാമെന്നാണോ സിപിഎം കരുതുന്നത്? പിണറായി വിജയന് സ്തുതി ഗാനം പാടുന്നവരെ മാത്രമാണോ എഴുത്തുകാരായി സിപിഎം അംഗീകരിച്ചത്.
Recommended Video
അക്കാദമികള്‍ കണ്ട് മോഹിക്കുന്ന, നിശബ്ദരായിരിക്കുന്ന എഴുത്തുകാര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അത്തരം അപ്പക്കഷണം മോഹിച്ചിരിക്കുന്നവരെ സമൂഹം പുച്ഛത്തോടെ മാത്രമേ കാണുകയുള്ളൂ. അവിടെയാണ് റഫീക്ക് അഹമ്മദിനെപ്പോലുള്ള ആര്‍ജ്ജവമുള്ള ശബ്ദങ്ങള്‍ മാറ്റൊലിക്കുന്നത്. അതിന്റെ പ്രകമ്പന വീര്യം കണ്ടറിയാനിരിക്കുന്നതേയുള്ളൂ. പ്രിയ കവിയ്‌ക്കൊപ്പം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം...
ഫാസിസം തുലയട്ടെ...












Click it and Unblock the Notifications