' ആ മെമ്മറി കാര്‍ഡ് രാത്രി കാണുന്നവരുടെ ഉദ്ദേശ്യശുദ്ധി നിയമപരമാണോ?'; അതിജീവിതയെ പിന്തുണച്ച് ഉമ തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ് എം എല്‍ എ. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ് എന്ന് ഉമ തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഉമ തോമസിന്റെ പ്രതികരണം. അതിജീവിതയുടെ ആശങ്കകള്‍ അകറ്റണം എന്നും ഉമ തോമസ് ആവശ്യപ്പെട്ടു. കോടതികളോട് ഈ നാട്ടിലെ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാകരുത് എന്നും ഉമ പറഞ്ഞു.
'നീതി തേടിയുള്ള അവളുടെ യാത്രക്ക് തുടക്കമിട്ടതും 'അവള്‍ക്കൊപ്പം' എന്ന് ആദ്യം നിലപാട് സ്വീകരിച്ചതും പിടി തോമസാണ്. അന്ന് പിടി ആ മകളെ ചേര്‍ത്തുപിടിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനെയൊരു കേസ് തന്നെ ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല. നീതി സംരക്ഷിക്കാനുള്ള യാത്രയില്‍ പിടി എങ്ങനെ ഒപ്പം നിന്നോ അതേ പോലെ ഞാനും ഒപ്പമുണ്ട്,' ഉമ തോമസ് പറഞ്ഞു.

കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിരവധി തവണ പലരാല്‍ പലസമയത്ത് ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നും രാത്രികാലത്തുപോലും അത് കാണുന്നവരുടെ ഉദ്ദേശ്യശുദ്ധി നിയമപരമാണെന്ന് വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്കാര്‍ക്കും കഴിയില്ല എന്നും ഉമ തോമസ് പറഞ്ഞു. വിഷയത്തില്‍ എത്രയും പെട്ടെന്ന് മേല്‍ക്കോടതിയുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം എന്നും ഉമ ആവശ്യപ്പെട്ടു.
കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്നും ഉമ തോമസ് പറഞ്ഞു. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന അതിജീവിതയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു.
മെമ്മറി കാര്‍ഡിലെ അട്ടിമറിയില്‍ കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിത രംഗത്തെത്തിയിരുന്നു. തന്റെ സ്വകാര്യത കോടതിയില്‍ പോലും സുരക്ഷിതമല്ല എന്നും ഭരണഘടന അനുവദിച്ച അവകാശമാണ് നിഷേധിക്കപ്പെട്ടത് എന്നും അതിജീവിത പറഞ്ഞിരുന്നു. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന് വിശ്വാസത്തോടെ നീതി കിട്ടും വരെ പോരാട്ടം തുടരും എന്നും അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തന്റെ അഭിമാനം ചോദ്യം ചെയ്തവര്‍ക്കെതിരെ ഒരു പെണ്‍കുട്ടി നടത്തുന്ന പോരാട്ടം കേരളം കാണാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. നീതി തേടിയുള്ള അവളുടെ യാത്രക്ക് തുടക്കമിട്ടതും 'അവള്‍ക്കൊപ്പം' എന്ന് ആദ്യം നിലപാട് സ്വീകരിച്ചതും പി.ടി തോമസാണ്. അന്ന് ആ കറുത്തദിനത്തില്‍ ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് പി.ടി ആ മകളെ ചേര്‍ത്തുപിടിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനെയൊരു കേസ് തന്നെ ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല.
കേരളം പകര്‍ന്നു നല്‍കിയ മനക്കരുത്തുമായി അവള്‍ നീതി തേടിയുള്ള പോരാട്ടത്തിനിറങ്ങി. തന്നെപ്പോലെ വേദന അനുഭവിക്കുന്നവര്‍ക്ക് വെളിച്ചമാകാന്‍ അവള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ പി.ടിയുടെ ആത്മാവും സന്തോഷിക്കുന്നുണ്ടാവാം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. കേസിലെ നിര്‍ണായക തെളിവായ മെമ്മറിക്കാര്‍ഡ് നിരവധി തവണ പലരാല്‍, പല സമയത്ത് ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
രാത്രികാലത്തുപോലും അത് കാണുന്നവരുടെ ഉദ്ദേശ്യശുദ്ധി നിയമപരമാണെന്ന് വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്കാര്‍ക്കും കഴിയില്ല. വിചാരണക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അതിജീവിത പറഞ്ഞുകഴിഞ്ഞു. തന്റെ സ്വകാര്യതയ്ക്ക് കോടതിയില്‍പ്പോലും സുരക്ഷയില്ലെന്ന ആ കുട്ടിയുടെ ആശങ്ക കാണാതിരിക്കാനാവില്ല. മേല്‍ക്കോടതിയുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകാന്‍ ഇനി വൈകിക്കൂടാ.
കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. അതിജീവിതയുടെ ആശങ്കകള്‍ അകറ്റണം. കോടതികളോട് ഈ നാട്ടിലെ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടവരുത്തരുത്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന ആ മകളുടെ പ്രതീക്ഷക്ക് മങ്ങലേറ്റുകൂടാ...
നീതി സംരക്ഷിക്കാനുള്ള യാത്രയില്‍ പി.ടി എങ്ങനെ ഒപ്പം നിന്നോ അതേ പോലെ ഞാനും ഒപ്പമുണ്ട്.












Click it and Unblock the Notifications