'ദിലീപ് ജയില്‍ തറയില്‍ കിടക്കുമ്പോള്‍ മറ്റുള്ളവർ പട്ടുമെത്തയിലായിരുന്നോ? നിരപരാധിയെന്ന് ഗണിച്ച് കണ്ടെത്തിയതോ?'
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്ന മുന്‍ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. സ്വന്തം യൂട്യൂബ് ചാനലിന് റീച്ച് കിട്ടാന്‍ വേണ്ടി എന്ത് വിഡ്ഡിത്തരവും കള്ളത്തരവും വിളിച്ച് പറയുന്ന ഒരാളാണ് ആർ ശ്രീലേഖയെന്ന് ഇന്ന് കേരളത്തിലെ സർവ്വ ജനങ്ങള്‍ക്കും അറിയാമെന്നും ബൈജു കൊട്ടാരക്കര വിമർശിക്കുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി ദിലീപിന് അനുകൂലമായ പ്രസ്താവന ശ്രീലേഖ കുറേകാലമായി നടത്തിവരുന്നുണ്ട്. ആലുവ സബ് ജയിലില്‍ വെച്ച് ദിലീപിനെ കണ്ട കാര്യമാണ് അവർ അദ്യമായി പറഞ്ഞത്. ജയിലിലെ നിലത്ത് കിടക്കുന്ന ദിലീപിനെയാണ് കണ്ടത്. കൂട്ടത്തിലുള്ള ആളുകള്‍ പട്ടുമെത്തയില്‍ കിടക്കുമ്പോഴാണല്ലോ ദിലീപ് മാത്രം തറയില്‍ കിടക്കുന്നത് കാണുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നു.

ജയിലില്‍ ദിലീപിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കുന്നില്ല. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ആഹാരം കിട്ടുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് വീട്ടില്‍ നിന്നും ആഹാരം എന്തിക്കാന്‍ ഞാന്‍ നിർദേശം നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു. നൂറ് കണക്കിന് കുറ്റവാളികള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഇദ്ദേഹത്തിന് മാത്രം പരിഗണന കൊടുത്തത് എന്തിനാണ് ശ്രീലേഖേയെന്ന് തുറന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരം മുട്ടും.
മനുഷ്യത്വപരമായ കാര്യം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് നിങ്ങള്‍ പറഞ്ഞത്. ഇതില്‍ എന്താണ് മനുഷ്യത്വം. നിങ്ങളും ഒരു സ്ത്രീയല്ലേ. ഈ കേസിന്റെ എല്ലാവശങ്ങളും അറിയാം. എന്നിട്ടും ഈ കേസ് അട്ടിമറിക്കുന്നതിനും പ്രതിയെ സഹായിക്കുന്നതിനായി ജയിലില്‍ ചെല്ലുകയും ചെയ്തു. ദിലീപ് നിരപാരാധിയാണെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പറയുന്നു.
ദിലീപ് നിരപരാധിയാണെന്ന് ശ്രീലേഖയ്ക്ക് എങ്ങനെ അറിയാം. ശ്രീലേഖ ഗണിച്ച് കണ്ടുപിടിച്ചതാണോ? അല്ലെങ്കില്‍ സർവ്വീസ് പൂർത്തിയാക്കിയതിന് ശേഷം സ്വപ്നത്തില്‍ ആരെങ്കിലും വന്ന് പറഞ്ഞതാണോ. ഒന്നുകില്‍ സ്വന്തം യൂട്യൂബ് ചാനലിന് റീച്ച് കിട്ടാന്‍ വേണ്ടിയുള്ള കള്ളകളി. അല്ലെങ്കില്‍ എന്തെങ്കിലും ധനലാഭത്തിന് വേണ്ടി ആരോടെങ്കിലും കൂട്ടുചേർന്ന് പ്രവർത്തിച്ചതാണോയെന്നും കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ദിലീപിന് അനുകൂലമായി അവസാന നിമിഷത്തിലും സംസാരിച്ചപ്പോഴാണ് അവർക്കെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കിയതും പിന്നാലെ കോടതി അവർക്കെതിരെ നോട്ടീസ് അയച്ചതും. ഇടക്കാലത്ത് അവർ ബി ജെ പിയില്‍ അംഗത്വമെടുത്തിരുന്നു. അതൊക്കെ അവരുടെ ഇഷ്ടം. എന്നാല്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അതിജീവിതമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതും നാണക്കേടല്ലേ?
നിങ്ങളെപ്പോലുള്ള ഒരു പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അവർക്കെതിരെയാണ് നിങ്ങള്‍ നീങ്ങുന്നത്. ഏത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാലും, ആ രാഷ്ട്രീയ പാർട്ടിയിലെ സ്ത്രീജനങ്ങള്‍ നിങ്ങളോട് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ? എന്തായാലും ഈ പ്രസ്താവന വളരെയധികം നാണക്കേടുണ്ടാക്കുന്നതാണെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു.












Click it and Unblock the Notifications