നടിയുടെ ആ ആവശ്യത്തില്‍ സുപ്രധാന തീരുമാനവുമായി കോടതി: അമിക്കസ് ക്യൂറിയായി രഞ്ജിത് മാരാർ വരുന്നു
എറണാകുളം: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ വീഡിയ ദൃശ്യങ്ങള്‍ ചോർന്നെന്ന ആരോപണത്തില്‍ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
നടിയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം തേടി കോടതി അമിക്കസ് ക്യൂറിയെ നിയോഗിക്കുകയും ചെയ്തു. രഞ്ജിത് മാരാരെയാണ് അമിക്കസ് ക്യൂറി ആയി നിയമിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പങ്കുണ്ടോയെന്ന നിർണ്ണായക ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നില്‍കിയ ഹര്‍ജിയില്‍ വാദം നടക്കുമ്പോഴായിരുന്നു അതിജീവിതമാരുടെ ദൃശ്യങ്ങള്‍ വിചാരണക്കിടയില്‍ കോടതിയില്‍ നിന്നും ചോരുന്ന സംഭവങ്ങളില്‍ മാർഗ്ഗ നിർദ്ദേശം വേണമെന്ന കാര്യം നടിയുടെ അഭിഭാഷകനായ ഗൗരവ് അഗർവാൾ കോടതിക്ക് മുമ്പാകെ ആവശ്യപ്പെടുന്നത്.
വിഷയം പഠിച്ചതിന് ശേഷം ഇതിന്മേലുള്ള മാർഗ്ഗ നിർദേശങ്ങള്‍ വിശദമായി തന്നെ നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നടിയെ അക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ രാത്രി സമയത്ത് പരിശോധിച്ചത് കോടതിയുടെ ഏതെങ്കിലും തരത്തിലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണോയെന്നും കോടതി ചോദിച്ചു.
തെളിവായി കോടതിയിലെത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കപ്പെട്ടത് മൗലികാവകാശങ്ങളുടെ ലംഘനമാണ്, അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ അന്വേഷണം വേണം. കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറികാര്‍ഡിനുള്ളിലെ ദൃശ്യങ്ങളടങ്ങിയ എട്ട് ഫയലുകള്‍ ചോര്‍ന്നു എന്നതിന് ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥിരീകരണമുണ്ടെന്നും അതിജീവിതയുടെ അഭിഭാഷകനായ ഗൗരവ് അഗർവാൾ വാദിച്ചു.
മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് സർക്കാരും ആവശ്യപ്പെട്ടു. ഹർജിയില്‍ അതിജീവിതയുടെ കൂടെ വാദം പൂർത്തിയായതോടെ കേസ് വിധി പറയാനായി മാറ്റി. അടുത്ത ദിവസം തന്നെ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷ. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, ദൃശ്യങ്ങള്‍ ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല. അതിജീവിത നൽകിയ ഹർജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നായിരുന്നു ദിലീപ് വ്യക്തമാക്കിയിരുന്നത്. ഈ കേസിൽ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശ്യവും അതിജീവിതയ്ക്കുണ്ടെന്നും ദിലീപ് അവകാശപ്പെട്ടു.
മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ ചോർന്നു എന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. അത് വ്യക്തമാക്കുന്ന തെളിവുകള്‍ എന്റെ കൈവശമുണ്ട്. വിചാരണ വേളയിൽ അക്കാര്യങ്ങൾ പുറത്തുകൊണ്ടുവരും. ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി (എഫ്എസ്എൽ) സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. ഇപ്പോൾ പുറത്തുവിട്ടാൽ വിചാരണയെ ബാധിക്കും. അതുകൊണ്ട് തന്നെ നടിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.












Click it and Unblock the Notifications