കാവ്യാ മാധവന്റെ മൊഴിയെടുക്കാൻ പുതിയ നീക്കം, ഇനി ആനുകൂല്യമില്ല, പുതിയ നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ പുതിയ നോട്ടീസ് നല്‍കി വിളിപ്പിക്കാനുളള നീക്കവുമായി ക്രൈംബ്രാഞ്ച്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ഇതുവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ് നല്‍കാന്‍ ആലോചിക്കുന്നത് എന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചില ഓഡിയോ ക്ലിപ്പുകളില്‍ കാവ്യാ മാധവനെ കുറിച്ചുളള പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നടിയെ ചോദ്യം ചെയ്യാനുളള ശ്രമം ആരംഭിച്ചത്. സാക്ഷിയെന്ന രീതിയില്‍ മൊഴി രേഖപ്പെടുത്താനായിരുന്നു ആദ്യം ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ വീട്ടില്‍ ഇല്ലെന്ന് കാണിച്ച് കാവ്യ മൊഴി നല്‍കാന്‍ എത്തിയില്ല. ആ സമയം കാവ്യാ മാധവന്‍ ചെന്നൈയില്‍ ആണെന്നായിരുന്നു മറുപടി നല്‍കിയത്.

തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിക്കൊണ്ട് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ഇത്തവണയും ചോദ്യം ചെയ്യല്‍ നടന്നില്ല. പത്മസരോവരം എന്ന ആലുവയിലെ വീട്ടില്‍ വെച്ച് മാത്രമേ മൊഴി നല്‍കാന്‍ സാധിക്കൂ എന്നാണ് കാവ്യ അറിയിച്ചത്. സാക്ഷിയായ സ്ത്രീ എന്ന നിലയ്ക്ക് മൊഴി നല്‍കാനുളള സ്ഥലം തിരഞ്ഞെടുക്കാനുളള അവകാശം കാവ്യയ്ക്കുണ്ട്.

എന്നാല്‍ പത്മസരോവരം വീട്ടില്‍ വെച്ച് മൊഴി രേഖപ്പെടുത്താന്‍ തയ്യാറല്ലെന്ന് ക്രൈംബ്രാഞ്ച് നിലപാടെടുത്തു. അന്വേഷണ സംഘത്തിന്റെ കയ്യിലുളള ഡിജിറ്റല്‍ തെളിവുകള്‍ കാണിക്കുന്നതിനുളള സാങ്കേതിക സൗകര്യം വീട്ടില്‍ ഒരുക്കാനുളള ബുദ്ധിമുട്ടാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ വീട്ടില്‍ അല്ലാതെ മറ്റൊരിടത്തേക്ക് എത്താനാകില്ലെന്ന് കാവ്യ അറിയിച്ചതോടെ മൊഴിയെടുക്കല്‍ അനിശ്ചിതത്വത്തിലായി.

തുടരന്വേഷണത്തിന് കാവ്യയുടെ മൊഴി രേഖപ്പെടുത്തല്‍ അത്യാവശ്യമാണ് എന്നിരിക്കെയാണ് പുതിയ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനുളള തീരുമാനം. പ്രതിയായ ദിലീപ് ഉളള സ്ഥലത്ത് വെച്ച് മൊഴി രേഖപ്പെടുത്തില്ല എന്ന കാര്യം നോട്ടീസില്‍ അന്വേഷണ സംഘം വ്യക്തമാക്കിയേക്കും. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് വേണം ഹാജരാകാന്‍ എന്നും നോട്ടീസില്‍ നിര്‍ദേശിക്കുമെന്നാണ് വിവരം.
Recommended Video

കാവ്യാ മാധവന്റെ ബന്ധുക്കളേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഹാക്കര്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്ത ചില വിവരങ്ങള്‍ സായ് ശങ്കര്‍ വീണ്ടെടുത്ത് നല്‍കിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.. സായ് ശങ്കറിനോട് നാളെ വീണ്ടും മൊഴി നല്‍കാന്‍ ഹാജരാകാനാണ് അന്വേഷണ സംഘം നിര്‍ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications